ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് ബീച്ചുകൾ കൂടി ബ്ലൂ ബീച്ച് പട്ടികയിൽ ഇടംപിടിച്ചു. മിനിക്കോയ് തുണ്ടി ബീച്ച്, കദ്മത്ത് ബീച്ച് എന്നിവയെ ആണ് ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ ബ്ലൂ ബീച്ചുകളുടെ പട്ടികയിൽ ചേർത്തത്. പുതിയ നേട്ടത്തിൽ ലക്ഷദ്വീപിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
'ഇത് വലിയ നേട്ടമാണ്. ഈ നേട്ടം കൈവരിക്കാനായതിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയുടെ തീരപ്രദേശം ആരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. തീരദേശ ശുചീകരണത്തിന് നമ്മുടെ രാജ്യത്തെ ജനങ്ങൾ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്' -മോദി ട്വീറ്റ് ചെയ്തു. ബ്ലൂ ബീച്ചുകളുടെ പട്ടികയിൽ മിനിക്കോയ് തുണ്ടി ബീച്ച്, കദ്മത്ത് ബീച്ച് എന്നിവയെ ഉൾപ്പെടുത്തിയതിൽ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള, പരിസ്ഥിതി സൗഹൃദ ബീച്ചുകളെയാണ് ബ്ലൂ ബീച്ച് ഗണത്തിൽ പെടുത്തുന്നത്. ഇതോടെ ഇന്ത്യയിലെ ബ്ലൂ ബീച്ചുകളുടെ എണ്ണം 12 ആയി. അവസാനമായി കോവളം ബീച്ചും പുതുച്ചേരിയിലെ ഈഡൻ ബീച്ചുമാണ് പട്ടികയിൽ ഇടം നേടിയത്. ദാമൻ ദിയുവിലെ ഗോഗ്‌ല ബീച്ച്, ഒഡീഷയിലെ ഗോൾഡൻ ബീച്ച്, കേരളത്തിലെ കാപ്പാട് ബീച്ച്, കർണാടകയിലെ കാസർകോട് ബീച്ച്, കർണാടകയിലെ പടുബിദ്രി ബീച്ച്, ആൻഡമാൻ നിക്കോബാറിലെ രാധാനഗർ ബീച്ച്, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട ബീച്ച്, ഗുജറാത്തിലെ ശിവരാജ്പൂർ ബീച്ച് എന്നിവയാണ് ബ്ലൂ ബീച്ച് ടാഗ് ലഭിച്ചിട്ടുള്ള ഇന്ത്യയിലെ മറ്റു ബീച്ചുകൾ.
2020 ഒക്ടോബറിലാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിന് ബ്ലൂ ബീച്ച് ടാഗ് ലഭിച്ചത്. അന്ന് കാപ്പാട് ഉൾപ്പെടെ ഇന്ത്യയിലെ എട്ടു ബീച്ചുകളെ ബ്ലൂ ബീച്ചുകളായി പ്രഖ്യാപിച്ചിരുന്നു. ഈ നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയും ഇടം പിടിച്ചു.
48 രാജ്യങ്ങളിലായി ആകെ 5042 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്ന് ബ്ലൂ ഫ്ലാഗ് വെബ്‌സൈറ്റിലെ ഡാറ്റ വ്യക്തമാക്കുന്നു. 729 ബ്ലൂ ഫ്ളാഗ് സൈറ്റുകളുള്ള സ്പെയിൻ ആണ് പട്ടികയിൽ ഒന്നാമത്. യഥാക്രമം 591, 560 ബ്ലൂ ഫ്ളാഗ് സൈറ്റുകളുമായി ഗ്രീസും തുർക്കിയും തൊട്ടുപിന്നിലുണ്ട്. ബ്ലൂ ഫ്ലാഗ് വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യ ഇക്കാര്യത്തിൽ 36ാം സ്ഥാനത്താണ്.
പരിസ്ഥിതി, പ്രവേശനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട 33 മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ, മറീനകൾ (ഉല്ലാസ നൗകകൾക്കോ ബോട്ടു യാത്രകൾക്കോ വേണ്ടി രൂപകൽപന ചെയ്‌തിരിക്കുന്ന ചെറിയ തുറമുഖങ്ങൾ) എന്നിവയ്ക്കും അംഗരാജ്യങ്ങളിലെ ബോട്ട് ടൂറിസം ഓപ്പറേറ്റർമാർക്കുമാണ് ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ ഈ സർട്ടിഫിക്കേഷൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.