മുംബൈ: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ അമരാവതിയിലെ കെമിസ്റ്റ് ഉമേഷ് കോലെയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് എതിരെ മഹാരാഷ്ട്ര പൊലീസ് യു.എ.പി.എ ചുമത്തി. ഭീകരപ്രവർത്തനം, ഭീകരസംഘടനയുടെ ഭാഗമാകൽ, ഗൂഢാലോചന കുറ്റങ്ങൾക്കാണ് യു.എ.പി.എയിലെ യഥാക്രമം 16, 20, 18 വകുപ്പുകൾ ചുമത്തിയത്.
ജനങ്ങളിൽ ഭീതിയുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് രാഹെബർ എന്ന പേരിൽ സന്നദ്ധ സംഘടന നടത്തുന്ന ആരിഫ് ശൈഖ്, വെറ്റിറിനറി ഡോക്ടർ യൂസുഫ് ഖാൻ എന്നിവരടക്കം കേസിൽ ഏഴു പേരാണ് അറസ്റ്റിലായത്. സംഭവത്തിന് ദിവസങ്ങൾക്കു മുമ്പ് മരുന്ന് കടയിലെ കടവുമായി ബന്ധപ്പെട്ട് യൂസുഫ് ഖാനും ഉമേഷ് കോലെയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു.
യൂസുഫ് ഖാൻ അംഗമായ വാട്സ്ആപ് ഗ്രൂപ്പിൽ നൂപുറിനെ പിന്തുണച്ച് ഉമേഷിട്ട സന്ദേശം ആരിഫ് ശൈഖിന് സ്ക്രീൻ ഷോട്ടായി യൂസുഫ് അയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആരിഫിന്റെ എൻ.ജി.ഒയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ചുവരുകയാണ്. കോവിഡ് കാലത്തെ ജനസേവനങ്ങളിലൂടെ ആരിഫും എൻ.ജി.ഒയും പ്രദേശത്ത് ശ്രദ്ധേയരായെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.