ന്യൂഡൽഹി: ഇസ്‍ലാമിക പണ്ഡിതൻ സാകിർ നായിക് നേതൃത്വം നൽകുന്ന ഇസ്‍ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) നിരോധിക്കാനും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം ഏകാംഗ ട്രൈബ്യൂണൽ റിട്ട. ജസ്റ്റിസ് ഡി.എൻ പട്ടേൽ ശരിവെച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
2021 നവംബർ 15നാണ് ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 1967 ലെ യു.എ.പി.എ സെക്ഷൻ 4 പ്രകാരം സംഘടനകളെ നിരോധിക്കുമ്പോൾ ട്രൈബ്യൂണൽ രൂപവത്കരിച്ച് അവർ ആരോപണങ്ങൾ പരിശോധിച്ച് നിരോധനം ശരിവെക്കണം. ഇതനുസരിച്ചാണ് ഐ.ആർ.എഫിന്റെ നിരോധനത്തിൽ തീർപ്പുകൽപ്പിക്കാൻ അന്നത്തെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ട്രൈബ്യൂണലിനെ 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ നിയോഗിച്ചത്.
ഐ.ആർ.എഫ് സ്ഥാപകൻ ഡോ. സാകിർ നായികും പ്രവർത്തകരും വിവധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. യുവാക്കളെ ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചാവേർ സ്ഫോടനങ്ങളെ ന്യായീകരിക്കുകയും ആക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു കേന്ദ്രസർക്കാർ നിരോധിച്ചത്. ഇത്തരം വിഭജന പ്രത്യയശാസ്ത്രം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വിചാരണക്കിടെ ആഭ്യന്തര മന്ത്രാലയം ഡയറക്ടർ മുദ്രവെച്ച 5 കവർ കവറുകൾ ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഈ കവറുകളിൽ പരാമർശിച്ച കാര്യങ്ങൾ പരിശോധിച്ചും തെളിവുകൾ കണക്കിലെടുത്തുമാണ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്. ഡോ. സാകിർ നായികിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് ട്രൈബ്യൂണലിന്റെ നിഗമനം. ഐ.ആർ.എഫും ഭാരവാഹികളും ദേശീയ താൽപര്യത്തിന് ഹാനികരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരുന്നതായി തോന്നുന്നുവെന്നും അത് ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവക്ക് ഭീഷണിയാണെന്നും ഇന്ത്യക്കെതിരെ ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കുന്നുവെന്നും ട്രൈബ്യൂണൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.