ഉദയ്പൂർ കൊലപാതകം ഞെട്ടിക്കുന്നത്, മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപൊറുപ്പിക്കാനാവില്ല -രാഹുൽ ഗാന്ധി

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലപാതകം ഞെട്ടിക്കുന്നതാണെന്നും നടന്നത് ഹീനകൃത്യമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ല. ഇതിന്റെ പേരിൽ ഭീകരത പടർത്തുന്നവരെയും ശിക്ഷിക്കണം. എല്ലാവരും ഒന്നിച്ച് നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. തയ്യൽക്കടയുടമ കനയ്യലാലിനെയാണ് കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വാർത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ അക്രമങ്ങളുണ്ടായെന്നും ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടെന്നും റിപ്പോർട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ മേഖലയിൽ ഇന്‍റർനെറ്റ് ബന്ധം വി​ച്ഛേദിച്ചിട്ടുണ്ട്. 600 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രിയും ഗവർണറും ആവശ്യപ്പെട്ടു. സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആവശ്യപ്പെട്ടു.

തയ്യൽകാരനെ തലയറുത്ത് കൊലപ്പെടുത്തിയവർ വിഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. കൊലക്കുപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Udaipur murder shocks, atrocities in the name of religion cannot be tolerated: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.