മുംബൈ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയെ ക്ഷണിക്കാത്തത് വിവാദമാവുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി രംഗത്ത്. രാമക്ഷേത്രത്തിലേക്ക് പോകാൻ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം എന്റേത് കൂടിയാണ്. എനിക്ക് ഇഷ്ടമുള്ളപ്പോൾ അവിടെ പോകും. ഇപ്പോൾ വേണമെങ്കിലും രാമക്ഷേത്രത്തിൽ പോകും. നാളെയാണെങ്കിൽ നാളെ പോകും. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ അയോധ്യ സന്ദർശിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ രാമക്ഷേത്ര പ്രതിഷ്ഠദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. എനിക്ക് ഒരു അഭ്യർഥന മാത്രമാണ് ഉള്ളത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങ് രാഷ്ട്രീവവൽക്കരിക്കരുതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ക്ഷണം വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിമാരെയോ ഗവർണർമാരോ ക്ഷേത്ര നിർമാണ ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ, ദേശീയ പാർട്ടികൾക്കെല്ലാം ക്ഷണമുണ്ട്. എന്നാൽ, കോൺഗ്രസ് ഇതുവരെ പരിപാടിയിൽ പങ്കെടുക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കിയിട്ടില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം ലഭിച്ചെങ്കിലും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ക്ഷണിക്കാത്തതിൽ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.