മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ, പൊതുമരാമത്ത് മന്ത്രിയും സംവരണ വിഷയത്തിൽ നിയമസഭ സമിതി അധ്യക്ഷനുമായ അശോക് ചവാൻ എന്നിവർക്കൊപ്പം ഒൗദ്യോഗിക ചർച്ചക്ക് ഡൽഹിയിൽ ചെന്ന ഉദ്ധവ് അരമണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയമായി രണ്ടു വഴിക്കാണെങ്കിലും ആത്മബന്ധം തുടരുന്നതായി ഉദ്ധവും പുതിയ 'കാലാവസ്ഥ' രൂപപ്പെടുന്നതായി ശിവസേന മുഖ്യവക്താവ് സഞ്ജയ് റാവുത്തും പറഞ്ഞതോടെ കൂടിക്കാഴ്ച ചർച്ചയായി. താൻ മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയല്ല കാണാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ വസതിയിൽ മഹാരാഷ്ട്ര ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗവും നടന്നു. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ശിവസേന മുഖ്യമന്ത്രി പദത്തെ ചൊല്ലി സഖ്യം വിടുകയായിരുന്നു. ശരദ്പവാറിെൻറ ശ്രമഫലമായി ശിവസേന, കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് മഹാവികാസ് സർക്കാറുണ്ടാക്കി. അന്നു തൊട്ട് ഭരണത്തിൽ തിരിച്ചെത്താൻ ബി.ജെ.പി ശ്രമിച്ചുവരുകയാണ്.
ഉദ്ധവ്, മോദി കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്ന് എൻ.സി.പിയും കോൺഗ്രസും ആവർത്തിച്ചു. മൊത്തം സംവരണ പരിധി 50 ശതമാനത്തിൽനിന്ന് ഉയർത്തുന്നതടക്കം 12 ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി വാർത്ത സമ്മേളനത്തിൽ ഉദ്ധവ്, അജിത് പവാർ, അശോക് ചവാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.