'സനാതനധർമം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാകും'; ഗവർണർക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതനധർമ പരാമർശത്തെ ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ വീണ്ടും സനാതദനധർമത്തെ വിമർശിച്ച് രംഗത്തെത്തി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതനധർമം ഇല്ലാതായാൽ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്ന് പറയപ്പടുന്ന തൊട്ടുകൂടായ്മയും ഇല്ലാതാകുമെന്നാണ് മന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും പലരും ഇതേക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ആർ.എൻ. രവി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉദയനിധിയുടെ പരാമർശം.

സനാതനധർമമാണ് തൊട്ടുകൂടായമക്ക് കാരണം. സനാതനധർമം ഇല്ലാതായാൽ തൊട്ടുകൂടായ്മയും ഇല്ലാതാകും എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. അതേസമയം കഴിഞ്ഞ ദിവസം ഗവർണറുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയിരുന്നു. ദ്രാവിഡിയൻ മോഡൽ നടപ്പിലാക്കുന്ന വികസനങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതാണ് ഗവർണറുടെ പ്രശ്നം. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന ഗവർണർ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതനധർമത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് അയിത്തമുണ്ടെങ്കിൽ അതിന് കാരണം ഇതേ സനാതനധർമം തന്നെയാണെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞിരുന്നു.

"തമിഴ്നാട്ടിൽ സംഭവിച്ചത് പോലെയുള്ള സുസ്ഥിര വികസനം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. സംസ്ഥാനത്തുള്ള പട്ടികജാതിയപട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീ സംരഭകരുടെ എണ്ണം പരിശോധിച്ചാലും മറ്റേത് സംസ്ഥാനത്തേക്കാളും മുകളിലാണ് തമിഴ്നാട്. എന്നോ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെങ്കിൽ വിശദീകരണം നൽകാൻ പാർട്ടിക്ക് സാധിക്കും. ഒരുകാലത്ത് ദലിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രങ്ങൾ ഡി.എം.കെ സർക്കാർ അടച്ചുപൂട്ടി. പ്രശ്നം പരിഹരിച്ചു. തൂത്തുക്കുടിയിൽ ദലിത് പാചകക്കാരിയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുട്ടികൾ വിസമ്മതിച്ച സംഭവമാണ് ഗവർണർ പറയുന്നതെങ്കിൽ ലോക്സഭ എം.പി കനിമൊഴി വിഷയം ഉന്നയിച്ചിരുന്നു. അവർ സ്കൂളിലെത്തി കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു, മാതാപിതാക്കളുമായി സംസാരിച്ച് വിഷയത്തിൽ പരിഹാരം കണ്ടെത്തിയിരുന്നു. ആർക്ക് വേണമെങ്കിൽ ക്ഷേത്രത്തിൽ പൂജാരിയാകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും അവർക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഗവർണർക്ക് ഇതൊന്നും അംഗീകരിക്കാനാകില്ല. അതുകൊണ്ട് അദ്ദേഹം തന്‍റെ ചിന്തകളിൽ നിന്നും എന്തൊക്കെയോ ആരോപണങ്ങൾ ഉന്നയിക്കുകയാണ്" - അണ്ണാദുരൈ പറഞ്ഞു.

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗവർണർ ആർ.എൻ. രവി ഡി.എം.കെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. "സംസ്ഥാനത്ത് തൊട്ടുകൂടായ്മയും വേർതിരിവും നിലനിൽക്കുന്നുണ്ട്. ഒരുപാട് സഹോദരിസഹോദരന്മാരെ തുല്യമായല്ല പരിഗണിക്കുന്നത്. ഇത് വേദനയുണ്ടാക്കുന്ന വിഷയമാണ്. അംഗീകരിക്കാനാവാത്തതാണ്. ഇതല്ല ഹിന്ദധർമം സംസാരിക്കുന്നത്. ഹിന്ദ ധർമം പ്രതിപാധിക്കുന്നത് തുല്യതയെയാണ്. അസമത്വം ഇല്ലാതാക്കാൻ രാജാനുചാര്യ തന്‍റെ ജീവിതം പോലും മാറ്റിവെച്ചിരുന്നു. എല്ലാ ദിവസും പട്ടികവർഗയപട്ടികജാതി വിഭാഗത്തിൽ പെട്ട സഹോദരങ്ങളുടെ ദുരിതങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. അവരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും തുല്യമായല്ല കണക്കാക്കുന്നതെന്നും അവർ എന്നോട് ദുഖം പറയുന്നു. ഭാരതത്തിലെ ഒരിടത്തും ജാതി പേര് പരാമർശിക്കുന്ന തരത്തിലുള്ള ബാൻഡുകൾ യുവാക്കൾ കയ്യിൽക്കെട്ടി നടക്കുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ അത്തരമൊരു പ്രവണതയുണ്ട്. ഇത്തരം വിഷയങ്ങൾ അപമാനകരമാണ്. ഇവയെ വോട്ടിന് വേണ്ടിയല്ല മറിച്ച് നാടിന്‍റെ നന്മക്ക് വേണ്ടി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഹിന്ദു ധർമത്തെ ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശം രാജ്യത്തെ ഇല്ലാതാക്കുകയാണ്" - ആർ.എൻ. രവി പറഞ്ഞു.

Tags:    
News Summary - Udhayanidhi stalin says sanatana dharma is the reason for untouchability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.