മംഗളൂരു: ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോളജിന്റെ ശുചിമുറിയിൽ മുന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയതായി പറയുന്ന സംഭവം സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു.വ്യാഴാഴ്ച ഉടുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ.വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര എന്നിവരുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ദേശീയ വനിത കമ്മീഷൻ പ്രതിനിധാനം ചെയ്ത് ഇവിടെ വന്നത് ഒരു വനിതയുടേയോ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയോ സംരംക്ഷണ ദൗത്യവുമായല്ല. ഈ സംഭവം ദയവായി സാമുദായിക നിറം കലർത്തി പ്രചരിപ്പിക്കരുത്. ഇത് എങ്ങനെ വൈറലായി എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന് പല ഘടകങ്ങളും പരിശോധിക്കണം. കോളജ് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കോളജിൽ നടന്ന കാര്യവുമായി ബന്ധമില്ലാത്ത വ്യാജ വീഡിയോകളാണ് പ്രചരിക്കുന്നത്. ആ രംഗങ്ങൾ മൂന്ന് വിദ്യാർഥിനികളുടെ മൊബൈൽ ഫോണുകളിൽ ഇല്ല. പൊലീസിന് തെളിവും ലഭിച്ചിട്ടില്ല. നീക്കം ചെയ്തതാണെങ്കിൽ അതോടെ തീരുന്നില്ല. മൂന്ന് ഫോണുകളും പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതിന്റെ റിപ്പോർട്ട് വരട്ടെ. അപ്പോൾ എല്ലാറ്റിനും കൃത്യതയുണ്ടാവും. കൃത്യമായ തെളിവില്ലാതെ മൂന്ന് വിദ്യാർഥിനികൾക്കെതിരേയും കുറ്റപത്രം തയ്യാറാക്കാൻ കഴിയില്ല .നിലവിൽ അവരെ കുറ്റാരോപിതർ എന്നേ വിശേഷിപ്പിക്കാനാവൂയെന്നും ഖുശ്ബു പറഞ്ഞു.
മൂന്ന് വിദ്യാർഥിനികളെയും കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.തീവ്രവാദ ബന്ധം ആരോപിച്ചുള്ള വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.എന്നാൽ അത്ര വലിയ സിദ്ധാന്തത്തിനോ വമ്പൻ കഥക്കോ ഉള്ള എന്തെങ്കിലും കോളജ് സംഭവത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതായി ഇപ്പോൾ ചിന്തിക്കാനാവില്ല.ഊഹങ്ങൾക്ക് ഇടമില്ല. വനിത കമ്മീഷനും പൊലീസും അവരുടെ ജോലിയാണ് ചെയ്യുന്നത്.ഇളം പ്രായക്കാരുടെ മനോവ്യാപാരങ്ങളുമായി ബന്ധപ്പെട്ട കാര്യമാണിത്. അന്വേഷണം പൂർത്തിയാവും മുമ്പേ നിഗമനത്തിൽ എത്തി അവസാനിപ്പിക്കാൻ വനിത കമ്മീഷൻ കൂട്ടുനിൽക്കില്ല.വനിത കമ്മീഷൻ ഒരു പോരാട്ട സംഘടനയല്ല,വനിത സംരക്ഷണ സംവിധാനമാണ്.കോളജ് സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമുദായിക നിറം നൽകാൻ കമ്മീഷൻ ഉദ്ദ്യേശിക്കുന്നില്ല.രാഷ്ട്രീയമോ സാമുദായികമോ ആയ സ്വാധീനങ്ങൾക്ക് വഴങ്ങിയാവില്ല കമ്മീഷൻ ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും ഖുശ്ബു പറഞ്ഞു.
സംഭവം നടന്ന കോളജിൽ ഖുശ്ബു സന്ദർശനം നടത്തി. കോളജ് ഡയറക്ടർ രശ്മി, അക്കാഡമിക് കോഓർഡിനേറ്റർ ബാലകൃഷ്ണ, പ്രിൻസിപ്പൽ രജീപ് മൊണ്ടൽ,ജില്ല നിയമ സേവന അതോറിറ്റി അഭിഭാഷക മേരി ശ്രേസ്ത എന്നിവർ പ്രാഥമിക ചർച്ചയിൽ പങ്കെടുത്തു.ഉച്ച കഴിഞ്ഞ് തെളിവെടുപ്പ് നടത്തും.
ഹിന്ദു വിദ്യാർഥിനിയുടെ സ്വകാര്യത പകർത്തിയ സംഭവത്തിൽ മൂന്ന് മുസ്‌ലിം വിദ്യാർഥിനികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ബി.ജെ.പി വനിത വിഭാഗം കർണാടക വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന വേളയിൽ ദേശീയ വനിത കമ്മീഷൻ അംഗം നടത്തിയ നിരീക്ഷണം പാർട്ടിക്ക് തിരിച്ചടിയായി. ഉടുപ്പി എം.എൽ.എ യശ്പാൽ സുവർണ,മംഗളൂരു നോർത്ത് എംഎൽഎ ഡോ.വൈ.ഭരത് ഷെട്ടി, ബിജെപി ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവർ ഉടുപ്പി കോളജ് സംഭവത്തെ ഹിന്ദു വിരുദ്ധ മുസ്‌ലിം തീവ്രവാദ പ്രവർത്തനമായാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.