ഗർഭസ്ഥശിശുവിന് തലച്ചോറിന് തകരാർ; 33 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച് കോടതി, 'അമ്മയുടെ തീരുമാനം അന്തിമം'

ന്യൂഡൽഹി:ഗർഭസ്ഥശിശുവിന്‍റെ തലച്ചോറിൽ തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, 33 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി. 26 വയസുള്ള യുവതി നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഇത്തരം കേസിൽ  ഗർഭഛിദ്രത്തിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം അമ്മയുടേതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെതായിരുന്നു ഉത്തരവ്. ഇന്ത്യന്‍ നിയമ പ്രകാരം ഇത്തരമൊരു ഗര്‍ഭവുമായി മുന്നോട്ടുപോവണോയെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന അമ്മയുടെ തീരുമാനത്തിനും കുഞ്ഞ് ജനിച്ചാൽ അതിന് അന്തസ്സോടെയുള്ള ജീവിതം സാധ്യമാകുമോയെന്നതിനുമാണ് ഇത്തരം കേസിൽ പ്രാധാന്യം -കോടതി വ്യക്തമാക്കി.

ഗർഭധാരണം മുതൽ നിരവധി അൾട്രാസൗണ്ട് പരിശോധനകൾ നടത്തിയിരുന്നതായി യുവതിയുടെ ഹരജിയിൽ പറയുന്നു. എന്നാൽ, നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഗർഭസ്ഥ ശിശുവിന് സെറിബ്രൽ ഡിസോർഡർ കണ്ടെത്തുകയായിരുന്നു. വീണ്ടും പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് ഗർഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കണമെന്ന് യുവതി ആവശ്യപ്പെട്ടത്.

ഗർഭധാരണം അവസാനിപ്പിക്കുന്ന ഇത്തരം കേസുകളിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായത്തിന് കോടതികളുടെ സഹായത്തിന് കാര്യമായ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. ഈ ഘട്ടത്തില്‍ ഗർഭം അലസിപ്പിക്കുന്നത് അപകടമാണെന്ന് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചു.

ആശുപത്രിയിലെ ന്യൂറോ സർജനിൽ നിന്നും ഗൈനക്കോളജിസ്റ്റിൽ നിന്നും ഇക്കാര്യത്തില്‍ ജഡ്ജി തിങ്കളാഴ്ച അഭിപ്രായം തേടിയിരുന്നു. കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അതിജീവിക്കുമെന്നും ന്യൂറോ സർജൻ പറഞ്ഞു. കുട്ടിയുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും എന്നാൽ ജനിച്ച് ഏകദേശം 10 ആഴ്ചകൾക്ക് ശേഷം ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശസ്ത്രക്രിയ നടത്താമെന്നും ഡോക്ടർ ജഡ്ജിയെ അറിയിച്ചിരുന്നു.

എന്നാല്‍ എൽഎൻജെപി ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. അത് അപൂർണ്ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ ബോർഡ് സ്ത്രീയെ സഹാനുഭൂതിയോടെ പരിഗണിക്കണമെന്നും അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. സ്ത്രീക്ക് തന്റെ ഗർഭം അലസിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യുന്ന വിഷയമാണെന്നും കോടതി പറഞ്ഞു. യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് കോടതി അറിയിച്ചു.

എംടിപി നിയമത്തിലെ 3(2)(ബി), 3(2)(ഡി) വകുപ്പുകൾ പ്രകാരം ഭ്രൂണം നീക്കം ചെയ്യാൻ അനുമതി നൽകാമെന്ന ബോംബെ ഹൈകോടതിയുടെയും കൽക്കട്ട ഹൈകോടതിയുടെയും വിധി ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. അഭിഭാഷകരായ അൻവേഷ് മധുകർ, പ്രാഞ്ജൽ ശേഖർ, പ്രാചി നിർവാൻ, യാസീൻ സിദ്ദിഖി എന്നിവരാണ് ഹരജിക്കാരിക്ക് വേണ്ടി ഹാജരായത്.

ഈ വർഷം ജനുവരിയിൽ സമാനമായ മറ്റൊരു കേസിൽ 28 ആ​ഴ്ച​യാ​യ ഭ്രൂ​ണ​ത്തി​ന്​ വി​വി​ധ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഗ​ർ​ഭഛി​ദ്രം കോടതി അനുവദിച്ചിരുന്നു. 

Tags:    
News Summary - ultimate choice in the pregnancy cases involving fetal abnormalities is of the mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.