ഭോപാൽ: മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം തടുക്കാൻ എല്ലാ നേതാക്കളെയുമിറക്കി പഠിച്ച പണിയെല്ലാം പയറ്റുമ്പോഴും ബി.ജെ.പിയുടെ രണ്ട് തീപ്പൊരി സന്യാസിനികൾ വനവാസത്തിൽ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും അയോധ്യയിലേക്ക് കർസേവകരെ നയിച്ച് ബാബരി മസ്ജിദ് തകർത്തതിലെ പ്രതിയുമായ ഉമ ഭാരതി, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ച് ഭോപാൽനിന്നുള്ള ലോക്സഭ എം.പിയും മാലേഗാവ്, അജ്മീർ, സംഝോത എക്സ്പ്രസ് തുടങ്ങിയ ഹിന്ദുത്വ ഭീകരാക്രമണ കേസുകളിൽ പ്രതിയുമായ പ്രജ്ഞ സിങ് ഠാകുർ എന്നിവരെയാണ് കൊട്ടിക്കലാശം കഴിയുന്നതുവരെ മധ്യപ്രദേശിൽ കാണാതെ പോയത്.
എം.പിയായ ശേഷവും മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്സെയെ ‘രാജ്യസ്നേഹി’ എന്ന് വിളിച്ച് വിവാദമുണ്ടാക്കിയ പ്രജ്ഞ സിങ്ങിന്റെ നാവിൽനിന്ന് അതുപോലെ വല്ലതും വീഴുമോ എന്ന് ഭയക്കുന്ന ഭോപാലിലെ ബി.ജെ.പി സ്ഥാനാർഥികൾ അവരെ പ്രചാരണത്തിനിറക്കേണ്ട എന്ന് പാർട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രചാരണത്തിനിറങ്ങാൻ പാർട്ടി കേണപേക്ഷിച്ചിട്ടും ഉമ ഭാരതി തള്ളിക്കളഞ്ഞതാണെങ്കിൽ നാവിൽനിന്ന് വല്ലതും വീണാൽ വിനയാകുമെന്ന് കരുതി താരപ്രചാരകരിൽനിന്ന് പ്രജ്ഞ സിങ്ങിനെ മാറ്റിനിർത്തുകയായിരുന്നുവെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. തന്റെ വനവാസത്തെ കുറിച്ച് പ്രജ്ഞ സിങ് ഠാകുർ ഒന്നുമുരിയാടിയിട്ടില്ല. മാലേഗാവ് സ്ഫോടന കേസിന്റെ തിരക്കുകളുമായി അവർ മുംബൈയിലാണ് എന്നാണ് പാർട്ടി നേതാക്കളാണ് പറയുന്നത്.
ബി.ജെ.പിക്കായി പ്രചാരണത്തിന് നിൽക്കാതെ താൻ ഹിമാലയത്തിലേക്ക് പോകുകയാണെന്ന് ആദ്യമറിയിച്ച ഉമ ഭാരതിയാകട്ടെ ഝാൻസിയിൽ താൻ ചികിത്സയിലാണ് എന്നാണ് ഏറ്റവുമൊടുവിൽ പറഞ്ഞത്.
ഉമ ഭാരതിയുടെ വനവാസം അവരുടെ സമുദായമായ ലോധികളുടെ വോട്ട് നഷ്ടപ്പെടുത്തുമെന്ന് കണ്ട് പല ബി.ജെ.പി സ്ഥാനാർഥികളും സ്വന്തം മണ്ഡലങ്ങളിലെ ജനസഭയിൽ അവരെ മൊബൈലിലൂടെ സംസാരിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സയിലായതുമൂലം ഇനി പ്രചാരണത്തിന് കഴിയില്ലെന്ന് പറഞ്ഞ് നവംബർ ഒമ്പതിന് അവർ അതും അവസാനിപ്പിച്ചു. താൻ മധ്യപ്രദേശിനും രാജ്യത്തിനും മോദിക്കും ഒരു ഹാനിയും വരുത്തില്ലെന്നും 17ന് താൻ ടികംഗഢിലെ ഗ്രാമത്തിലെത്തി വോട്ടുചെയ്യുമെന്നും അവർ വ്യക്തമാക്കി. ഇതിനിടയിൽ ‘ലോധി സമുദായത്തോട് ബി.ജെ.പി ചെയ്ത വഞ്ചനക്ക് അവരെ തോൽപിച്ച് പാഠം പഠിപ്പിക്കണം’ എന്ന് ഉമ ഭാരതി പറയുന്നതായി ഒരു വ്യാജ വിഡിയോ സന്ദേശവും പ്രചരിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച വിഡിയോ ‘എക്സി’ൽ പങ്കുവെച്ച് ഇത് തന്റെ ശബ്ദമല്ലെന്നും വ്യാജ വിഡിയോക്കെതിരെ കേസ് നൽകാൻ തന്റെ ഭോപാൽ ഓഫിസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ ഭാരതി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.