ലഖ്നോ: രാമക്ഷേത്ര നിർമാണത്തിനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. എസ്.പി, ബി.എസ്.പി, അകാലിദൾ, ഉവൈസി, അസം ഖാൻ എന്നിവർ കൂടി രാമക്ഷേത്രത്തിനായി രംഗത്തിറങ്ങണമെന്നും അവർ അഭ്യർഥിച്ചു. രാമമന്ദിരം ബി.ജെ.പിയുടെ മാത്രം കുത്തകയല്ലെന്നും അതെല്ലാവരുടേതുമാണെന്നും ഉമാ ഭാരതി വ്യക്തമാക്കി.
രാമക്ഷേത്ര നിർമാണത്തിൽ അന്തിമ പോരാട്ടം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ക്ഷേത്ര നിർമാണം വൈകിയാൽ ബി.ജെ.പിക്ക് കേന്ദ്രത്തിൽ രണ്ടാമൂഴം കിട്ടില്ലെന്ന താക്കീതുമായി ശിവസേനയും ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു.
ബി.ജെ.പി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ക്ഷേത്രകാര്യത്തിൽ നിർബന്ധിത നീക്കങ്ങൾക്ക് സമ്മർദം ചെലുത്തി ഞായറാഴ്ച അയോധ്യയിൽ വി.എച്ച്.പി ധർമസഭയും ശിവസേന ആരതിയും നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്ര നിർമാണത്തിനുവേണ്ടി വ്യക്തമായ ചുവടുവെപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാലത്തോളം നിർമാണ തീയതി പറയാൻ പറ്റില്ലെന്നാണ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ആദ്യമായി അയോധ്യയിലെത്തുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് രാമക്ഷേത്ര നിർമാണത്തിൽ ഒരു റോളുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.