ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ മുട്ടുകുത്തിച്ച് പൗരത്വ ഭേദഗതി നിയമം(സി.എ.എ) പിൻവലിപ്പിക്കലായിരുന്നു ഉമർ ഖാലിദ് അടക്കമുള്ളവരുടെ ലക്ഷ്യമെന്ന് ഡൽഹി പൊലീസ്. സർക്കാറിനെ വിറപ്പിക്കുകയും അധികാരികളെ ദുർബലപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം.
അതിനായി ഇവർ ഡൽഹിയിൽ കലാപമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു. ഉമർ ഖാലിദിന്റെ ജാമ്യഹരജിയിൽ മുതിർന്ന അഭിഭാഷകൻ തൃദീപ് പയസ് നടത്തിയ വാദത്തിനുള്ള മറുവാദമായിട്ടാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ഈ വാദമുഖങ്ങൾ നടത്തിയത്.ഡൽഹി വംശീയാക്രമണം അന്വേഷിച്ച ഏജൻസിയും ഉദ്യോഗസ്ഥനും വർഗീയമാണെന്ന ഉമർ ഖാലിദിന്റെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷൻ എതിർത്തു.
അന്വേഷണ ഏജൻസി ഒരു പ്രത്യേക വ്യക്തിയല്ലെന്നും മറിച്ച് ഭരണകൂടത്തിന്റേതാണെന്നും പ്രസാദ് ബോധിപ്പിച്ചു. ഡൽഹി വംശീയാക്രമണ കേസിൽ ആദ്യമായി ശിക്ഷിക്കപ്പെട്ടത് ഒരു ഹിന്ദുവാണെന്നും തന്റെ വാദത്തിന് ന്യായമായി പ്രസാദ് നിരത്തി.
സാക്ഷികളുടെ വിശ്വാസ്യത ജാമ്യഹരജി പരിഗണിക്കുമ്പോൾ നോക്കേണ്ടതില്ലെന്ന വാദവും പ്രോസിക്യൂഷൻ നടത്തി. കോടതിക്ക് മുമ്പാകെ മൊഴിനൽകി പിന്നീട് അതിൽനിന്ന് സാക്ഷി പിന്മാറിയാൽ ചോദ്യം ചെയ്യരുത്. അതുകൊണ്ട് സാക്ഷി വിശ്വാസയോഗ്യമല്ല എന്ന് പറയരുത്. ഉമർ ഖാലിദിനെതിരായ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അതിന് രഹസ്യസ്വഭാവമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.