ഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിനെതിരേ പുതിയ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. കലാപത്തിന് ആക്കംകൂട്ടാൻ ഉമർ ഖാലിദ് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അക്രമം ആസൂത്രണം ചെയ്യുന്നതിന് ഉമർ ജനുവരി എട്ടിന് ഷഹീൻബാഗിൽ യോഗം സംഘടിപ്പിച്ചതായി പോലീസ് അവകാശപ്പെട്ടു. അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി, താഹിർ ഹുസൈൻ എന്നിവർക്കൊപ്പം ജനുവരി എട്ടിന് ഷഹീൻ ബാഗിൽ യോഗം സംഘടിപ്പിച്ചതായാണ് ഡൽഹി ക്രൈംബ്രാഞ്ച് സമർപ്പിച്ച 100 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്.
2019 ഡിസംബറിനും 2020 മാർച്ചിനുമിടയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനുപേർ പ്രക്ഷോഭം നടത്തിയ സ്ഥലമാണ് ഷഹീൻബാഗ്. മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സിഎഎ വിരുദ്ധ പ്രകടനങ്ങളിലും ഖാലിദ് പങ്കെടുത്തതായും കുറ്റപത്രത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്‍റെ സംഘാടകർ അദ്ദേഹത്തിന്‍റെ യാത്രയ്ക്കും പ്രാദേശികമായ താമസത്തിനുമുള്ള ചെലവുകൾ വഹിച്ചുവെന്നും പോലീസ് പറഞ്ഞു.
'ഡൽഹി സ്പോട്ടർ പ്രൊട്ടസ്റ്റ്' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതായും അതിലൂടെ അക്രമം ആസൂത്രണം ചെയ്തതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. രാഹുൽ റായ് എന്ന വ്യക്തിയാണ് ഈ പ്രത്യേക സംഘത്തെ സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. യുഎപിഎയുടെ വകുപ്പുകൾ പ്രകാരം ഖാലിദിനെതിരെ കുറ്റം ചുമത്തി ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ മറ്റൊരു കുറ്റപത്രം നേരത്തേ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.