പൗരത്വ സമരം:​ ഉമർഖാലിദിന് ജാമ്യമില്ല

ന്യൂഡൽഹി: പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്​ ഡൽഹി പൊലീസ്​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദിന്‍റെ ജാമ്യ ഹരജി ഡൽഹി കോടതി തള്ളി. മൂന്ന്​ തവണ വിധി പറയുന്നത്​ നീട്ടിവെച്ച ശേഷമാണ്​ ഇന്ന്​ അഡീഷനൽ സെഷൻസ്​ ജഡ്ജി അമിതാഭ്​ റാവത്ത് ജാമ്യം നിഷേധിച്ചത്​.

2020 സെപ്​റ്റംബർ 13നാണ്​ ഉമർ ഖാലിദ്​ അറസ്റ്റിലായത്​. മഹാരാഷ്​​ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ്​ നടത്തിയ പൗരത്വ സമര പ്രസംഗ​ത്തിന്‍റെ പേരിലായിരുന്നു അറസ്റ്റ്​. ഉമർഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ മാസം വാദം പൂർത്തിയാക്കിയിരുന്നു. ഈ മാസം 14നാണ്​ വിധി പറയാനിരുന്നത്. എന്നാൽ, പിന്നീട്​ 21​​ലേക്ക്​ മാറ്റി. തുടർന്ന് 23​​ലേക്കും പിന്നീട്​ 24ലേക്കും മാറ്റിയ ശേഷമാണ്​ വിധി പറഞ്ഞത്​.

റിപബ്ലിക്​ ടി.വിയും ന്യൂസ്​ 18 ചാനലും പ്രചരിപ്പിച്ച ഒരു വീഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ്​ ഉമർ ഖാലിദിനെതിരായ കേസ്​ എന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഡ്വ. തൃദീപ്​ പയസ്​ ബോധിപ്പിച്ചിരുന്നു. ഇതേ കേസിൽ പൗരത്വ സമര നേതാക്കളായ മീരാൻ ഹൈദറിന്‍റെയ​ും ശർജീൽ ഇമാമിന്‍റെയും ജാമ്യഹരജികൾ യഥാക്രമം ഈ മാസം 25ലേക്കും 26​​ലേക്കും മാറ്റിവെച്ചതാണ്​. പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്​ ഡൽഹി കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ മുഹമ്മദ്​ സലീം ഖാനും ജഡ്ജി അമിതാഭ്​ റാവത്ത്​ ജാമ്യം നിഷേധിച്ചിരുന്നു.

യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ്​ പേർക്ക്​ മാത്രമാണ്​ രണ്ട്​ വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്​. കോൺഗ്രസ്​ വനിതാ നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇ​ശ്​റത്ത്​ ജഹാൻ, എസ്​.ഐ.ഒ നേതാവ്​ ആസിഫ്​ ഇഖ്​ബാൽ തൻഹ, പിഞ്ച്​റ തോഡ്​ നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, സഫൂറ സർഗർ, ​ഫൈസാൻ ഖാൻ എന്നിവർക്കാണ്​ നേരത്തെ ജാമ്യം അനുവദിച്ചത്​.

Tags:    
News Summary - Umar Khalid, Former JNU Student Leader, Denied Bail In Delhi Riots Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.