ഉമേഷ് പാൽ വധം: പ്രതി ആതിഖ് അഹമ്മദിന്‍റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു

ന്യൂഡൽഹി: ഉമേഷ് പാൽ വധക്കേസിൽ നിർണായക നീക്കവുമായി പ്രയാഗ് രാജ് പൊലീസ്. കേസിലെ പ്രതിയായ ആതിഖ് അഹമ്മദിന്‍റെ വീട്ടിൽ നിന്ന് ഐഫോണും സ്ഥലമിടപാടിന്‍റെ രജിസ്റ്ററും രണ്ട് ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. ആതിഖ് അഹമ്മദിന്‍റെ പ്രയാഗ് രാജിലെ കസാരി മസാരിയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആതിഖിന്‍റെ അക്കൗണ്ടന്‍റ് രാകേഷ് ലാലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തെളിവുകൾ കണ്ടെടുത്തത്. രാകേഷ് ലാല അടക്കം അഞ്ച് പ്രതികൾ പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

ഉമേഷ് പാൽ വധക്കേസിൽ ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരൻ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. 2005ൽ ബി.എസ്‌.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകികൾക്ക് പണം നൽകിയതിൽ അഖ്‌ലാഖ് അഹമ്മദിന് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഫെബ്രുവരി 24നാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ബി.എസ്‌.പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ 43 വർഷത്തിനിടെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ആതിഖ് അഹമ്മദ് ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. ആതിഖ് അഹമ്മദിന് പുറമെ ദിനേശ് പാസി, ഖാൻ സൗലത്ത് ഹനീഫ് എന്നിവർക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് 5000 രൂപ വീതം പിഴയും കോടതി വിധിച്ചു.

2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാസംഘത്തിൽപ്പെട്ട അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. അഹമ്മദിന്റെ സഹോദരൻ അഷ്‌റഫ് എന്ന ഖാലിദ് അസിമിനെയും മറ്റ് ആറ് പേരെയും കോടതി വെറുതെ വിട്ടിരുന്നു.

Tags:    
News Summary - Umesh Pal case: iPhone, Aadhar cards seized from Atiq Ahmed’s Prayagraj home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.