പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ എം.എൽ.എയുടെ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ അത്തിഫ് അഹമ്മദിന്‍റെ അടുത്ത സഹായി സഫർ അഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. വീട് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രയാഗ് രാജ് ഭരണകൂടമാണ് പൊലീസ് സന്നാഹത്തോടെ പൊളിക്കൽ തുടങ്ങിയത്.
2005ൽ ബി.എസ്.പി എം.എൽ.എയായിരുന്ന രാജു പാലിനെ വെടിവെച്ച് കൊന്നക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ കഴിഞ്ഞ ദിവസം രണ്ടംഗ സംഘം കൊലപ്പെടുത്തിയിരുന്നു. പ്രയാഗ് രാജിൽ വെച്ച് ബോംബ് എറിഞ്ഞും വെടിവെച്ചുമാണ് ഉമേഷിനെ കൊലപ്പെടുത്തിയത്.
ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ അത്തിഫ് അഹമ്മദ് ആണെന്ന് പൊലീസ് പറയുന്നു. എം.എൽ.എ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന അത്തിഫ് അഹമ്മദ് മുൻ ലോക്സഭാംഗമായിരുന്നു.
രാജു പാൽ വധക്കേസിൽ ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുകയാണ് മുൻ ലോക്സഭാംഗമായിരുന്ന അത്തിഫ് അഹമ്മദ്. ഗുണ്ടാ തലവനിൽ നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ് അത്തിഫ്. യു.പിയിലെ ഭുൽപൂർ മണ്ഡലത്തിൽ നിന്ന് സമാജ് വാദി പാർട്ടി സ്ഥാനാർഥിയായാണ് പതിനാലാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അലഹബാദ് വെസ്റ്റ് സീറ്റിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായി റെക്കോഡ് ഇട്ടിരുന്നു. 1999-2003 വരെ ആപ്ന ദൾ അധ്യക്ഷനായിരുന്നു. അത്തിഫിന്‍റെ സഹോദരൻ അഷ്റഫിനെയാണ് 2004ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ട ബി.എസ്.പി എം.എൽ.എ രാജു പാൽ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.