ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിൽ പ്രതിദിനം 30 കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ ഭരണത്തിൽ പ്രതിദിനം 30 കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
"കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണത്തിൻ കീഴിൽ പ്രതിദിനം 30 കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്നു. രാജ്യത്തെ കർഷകരുടെ മേലുള്ള കടം 2014നെ അപേക്ഷിച്ച് 60 ശതമാനം അധികമായപ്പോൾ വ്യവസായികളുടെ 7.5 ലക്ഷം കോടി രൂപയുടെ വായ്പ 10 വർഷത്തിനുള്ളിൽ മോദി സർക്കാർ എഴുതിത്തള്ളി. വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകരുടെ 2700 കോടി രൂപയുടെ വിഹിതം തടഞ്ഞുവെച്ച സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 40,000 കോടി രൂപ ലാഭം കൊയ്യുകയാണ്" - അദ്ദേഹം പറഞ്ഞു.
കാർഷിക ചെലവ് കുറക്കാനും വിളകൾക്ക് ന്യായവില ലഭ്യമാക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ അഭിവൃദ്ധിയിലേക്കുള്ള വഴി അവരുടെ സാമ്പത്തിക സ്വാശ്രയത്വമാണെന്നും അതാണ് അവർക്കുള്ള യഥാർഥ നീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.