'പിതാവിന്‍റെ നിലപാട് എന്തായിരുന്നുവെന്ന് അറിയാമോ?'; ജാതി സെൻസസിൽ രാഹുൽ ഗാന്ധിയോട് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ജാതി സെൻസസിനെ പിന്തുണക്കുന്ന കോൺഗ്രസ് നയത്തെ വിമർശിച്ച് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ധർമ്മേന്ദ്ര പ്രധാൻ. ഇന്ത്യയിൽ ജാതി സെൻസസ് നടന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പാണ്. അതിന് ശേഷം വിഷയം സംബന്ധിച്ച് തീരുമാനങ്ങളോ ചർച്ചകളോ നടന്നിട്ടില്ല. രാഹുൽ ഗാന്ധി ജാതി സെൻസസിനെ അനുകൂലിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പിതാവ് ഈ വിഷയത്തിൽ സ്വീകരിച്ച നടപടിയെന്താണെന്ന് കൂടി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ജാതി സെൻസസ് നടക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിധിയിലാണ്. രാജ്യത്ത് ജാതി സെൻസസ് നടന്നത് സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പാണ്. തൊണ്ണൂറുകളിൽ സെൻസസുമായി ബന്ധപ്പെട്ട് മണ്ഡൽ കമീഷൻ ശുപാർശകൾ വന്നപ്പോൾ, താങ്കളുടെ പിതാവ് സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്നാണ് എനിക്ക് രാഹുൽ ഗാന്ധിയോട് ചോദിക്കാനുള്ളത്. അദ്ദേഹം അത് പാർലമെന്‍റിൽ എതിർക്കുകയായിരുന്നു. കോൺഗ്രസ് ഒരുപാട് അധികാരത്തിലുണ്ടായിരുന്നു. ഒരിക്കലും ഈ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല. അവരുടെ തെറ്റുകളെ മറച്ചുവെക്കാനുള്ള ഒരു നീക്കമാണ് കോൺഗ്രസ് ഇപ്പോൾ നടത്തുന്നത്" - മന്ത്രി പറഞ്ഞു.

നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാന്‍റെ പരാമർശം. ‘കോൺഗ്രസ് പ്രവർത്തക സമിതി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്’, രാഹുൽ വിശദീകരിച്ചു.ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല ഈ ഉദ്യമം. മറിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ബി.ജെ.പിയെ സമ്മർദത്തിലാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ബി.ജെ.പിക്ക് കഴിയില്ലെങ്കിൽ, ഇക്കാര്യത്തിൽ നേതൃത്വം നൽകാനുള്ള അധികാരം കോൺഗ്രസിന് നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന് നിലവിലുള്ള നാല് മുഖ്യമന്ത്രിമാരിൽ മൂന്നുപേരും ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരാണ്. എന്നാൽ, ബി.ജെ.പിക്കുള്ള 10 മുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളത്. പ്രധാനമന്ത്രി ഒ.ബി.സി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിറകെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.

Tags:    
News Summary - Union Minister asks Rahul Gandhi what his fathers stand was on Caste sensex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.