ന്യൂഡൽഹി: ഇന്ധനവില സർവകാല റെക്കോഡിലെത്തിയ വേളയിൽ വിഷയം പാർലമെന്‍റിലും ചർച്ചയായി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവരുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ധന വില വളരെ ഉയർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദ്യമുയർത്തി.
'സീതാ മാതാവിന്‍റെ നേപ്പാളിലും രാവണന്‍റെ ലങ്കയിലും പെട്രോൾ വില കുറവാണ്. പിന്നെ എന്തുകൊണ്ടാണ് രാമന്‍റെ നാടായ ഇന്ത്യയിലെ സർക്കാർ പെട്രോൾ, ഡിസൽ വില കുറക്കാത്തത്' -സമാജ്വാദി പാർട്ടി എം.പിയായ വിശ്വംഭർ പ്രസാദ് നിഷാദ് ചോദിച്ചു.
ഇന്ധന വിലവർധനവിന്‍റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു മീമിലെ ആശയം ഉൾകൊണ്ടായിരുന്നു രാമായണവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്‍റെ ചോദ്യം.
ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഇന്ധന ഉപഭോഗം വളരെ കുറവായതിനാൽ ഇന്ത്യയെ താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നായിരുന്നു ഇതിന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടി.
'വലിയ സമ്പദ്‌വ്യവസ്ഥകളുമായാണോ അതോ ചെറുകിട സമ്പദ്‌വ്യവസ്ഥകളുമായോ നാം സ്വയം താരതമ്യം ചെയ്യേണ്ടത്?. വൻതോതിലുള്ള ഉപഭോഗ വസ്തുക്കൾക്ക് ആ രാജ്യങ്ങളിൽ ചെലവേറും. ആ രാജ്യങ്ങളിലെയും നമ്മുടെ രാജ്യത്തെയും മണ്ണെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ട്. ബംഗ്ലാദേശിലും നേപ്പാളിലും മണ്ണെണ്ണ വില ലിറ്ററിന് 57 രൂപ മുതൽ 59 രൂപ വരെയാണ്. ഇന്ത്യയിൽ ഇത് ലിറ്ററിന് 32 രൂപ മാത്രമാണ്' -മന്ത്രി പറഞ്ഞു.
'കഴിഞ്ഞ 300 ദിവസങ്ങളിൽ ഏകദേശം 60 ദിവസം വില വർധിച്ചിട്ടുണ്ട്. 7 ദിവസം പെട്രോളിനും 21 ദിവസം ഡീസലിനും ഞങ്ങൾ വില കുറച്ചു. ഏകദേശം 250 ദിവസം വില കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. അതിനാൽ അത് എക്കാലത്തെയും ഉയർന്ന നിലവാരമാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്'-മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം പൊതുമേഖല എണ്ണക്കമ്പനികൾക്ക് നൽകിയതിന് ശേഷം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് അവരാണ് വില നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കി. വില കുറക്കാനായി എക്സൈസ് തീരുവ കുറച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.