ചെന്നൈ: തമിഴ്നാട് സർക്കാറിന്‍റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച 'തമിഴ്ത്തായ് വാഴ്ത്ത്' ഗാനാലാപന വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗിരി എഴുന്നേറ്റ് നിൽക്കാത്തതിനെ ചോദ്യം ചെയ്ത് ഡി.എം.കെ നേതാവും സംസ്ഥാന ഐ.ടി മന്ത്രിയുമായ മനോ തങ്കരാജ് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ എഴുന്നേറ്റ് നിന്നപ്പോൾ വീഡിയോ കോൺഫറൻസിങ്ങിലുടെ പങ്കെടുത്ത കേന്ദ്രമന്ത്രി കസേരിയിലിരിക്കുകയായിരുന്നുവെന്നും ഇതിലൂടെ തമിഴക ജനതയെ അവഹേളിച്ചതായും മന്ത്രി ആരോപിച്ചു.
വ്യാഴാഴ്ച ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 31,500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവരും സംബന്ധിച്ചു. തമിഴിനെയും തമിഴ്‌നാടിന്‍റെ സംസ്‌കാരത്തെയും പ്രധാനമന്ത്രി പ്രശംസിച്ചാണ് സംസാരിച്ചത്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മറ്റെല്ലാവരും തമിഴ്ത്തായ് വാഴ്ത്തിന്‍റെ സമയത്ത് എഴുന്നേറ്റ് നിന്നിരുന്നു.
2018 ൽ ഐ.ഐ.ടിയിൽ നടന്ന ചടങ്ങിലും നിതിൻ ഗഡ്കരി തമിഴ്ത്തായ് വാഴ്ത്ത് പാടുന്ന സമയത്ത് ആദരസൂചകമായി എഴുന്നേറ്റ് നിന്നിരുന്നില്ല. തുടർച്ചയായി തമിഴ്‌നാടിന്‍റെ ഔദ്യോഗിക ഗാനത്തെ അവഗണിക്കുന്നതിൽ നിതിൻ ഗഡ്കരി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ സംഘടിപ്പിക്കുന്ന മുഴുവൻ പൊതുപരിപാടികളും തമിഴ് തായ്വാഴ്ത്ത് ഗാനാലാപനത്തോടെ ആരംഭിക്കണമെന്നും ഈ സമയത്ത് ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും ഈയിടെ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തമിഴ് തായ്വാഴ്ത്ത് ഒരു പ്രാർഥനാഗാനം മാത്രമാണെന്നും ഇത് ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ലെന്നും മദ്രാസ് ഹൈകോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.