കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി രാജിവെച്ചു

ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രമുഖ ന്യൂനപക്ഷ മുഖമായ മുഖ്താർ അബ്ബാസ് നഖ്‌വി ന്യൂനപക്ഷകാര്യ മന്ത്രി സ്ഥാനം രാജിവെച്ചു. രാജ്യസഭ കാലാവധി വ്യാഴാഴ്ച അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രാജി. നഖ്‌വിക്കൊപ്പം കാലാവധി അവസാനിക്കുന്ന ഉരുക്ക് വകുപ്പ് മന്ത്രി രാംചന്ദ്ര പ്രസാദ് സിങ്ങും രാജിവെച്ചിട്ടുണ്ട്. ഇരുവരും മന്ത്രിമാരെന്ന നിലയിൽ രാജ്യത്തിനും ജനങ്ങൾക്കും നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ യോഗത്തിൽ അഭിനന്ദിച്ചു.

പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം ഇരുവരുടെയും അവസാന മന്ത്രിസഭ യോഗമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നഖ്‍വി യുടെ രാജി പ്രഖ്യാപനം. നഖ്‌വിയെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാലുപേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്.

മുഖ്താർ അബ്ബാസ് നഖ്‌വിക്ക് പുറമെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുല്ല എന്നിവരുടെ പേരുകളാണ് ബി.ജെ.പി നേതൃത്വം മുസ്‍ലിം വിഭാഗത്തിൽനിന്ന് പരിഗണിക്കുന്നത്. സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങി​ന്റെ പേര് ച‍ര്‍ച്ചയിലുണ്ടെന്നും റിപ്പോ‍ര്‍ട്ടുണ്ട്. 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Tags:    
News Summary - Union Minority Minister Mukhtar Abbas Naqvi has resigned from his post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.