ബി.ജെ.പിക്കെതിരെ ഐക്യകാഹളം

ഫത്തേഹബാദ് (ഹരിയാന): അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമോതി സമ്മാൻ ദിവസ് റാലി. മുൻ ഉപപ്രധാനമന്ത്രിയും പാർട്ടി സ്ഥാപകനുമായ ദേവിലാലിന്റെ ജന്മദിനത്തിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) ഹരിയാനയിലെ ഫത്തേബാദിൽ സംഘടിപ്പിച്ച റാലിയിലാണ് പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് അണിനിരന്നത്. എൻ.സി.പി നേതാവ് ശരദ്പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശിരോമണി അകാലിദളിന്റെ സുഖ്ബീർ സിങ് ബാദൽ, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എം.പി, ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗതാല തുടങ്ങിയ പ്രമുഖർ റാലിക്കെത്തി. കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല.

കോൺഗ്രസും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിക്കണമെന്നും മൂന്നാം മുന്നണിയല്ല കാലഘട്ടത്തിന്റെ ആവശ്യമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഇത്തരമൊരു സഖ്യത്തിന് തെരഞ്ഞെടുപ്പിൽ സുഖമായി ജയിച്ചുകയറാനാകും. കോൺഗ്രസും ഇടതുപാർട്ടികളുമില്ലാതെ പ്രതിപക്ഷമുന്നണി സങ്കൽപിക്കാനാകില്ല. വിശാലമായ സഖ്യമാണ് വേണ്ടതെന്ന് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് വിരുദ്ധ പാർട്ടി നേതാക്കളോടും ബിഹാർ മുഖ്യമന്ത്രി അഭ്യർഥിച്ചു. ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ കുഴപ്പമുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രധാനമന്ത്രിസ്ഥാനത്തേക്ക് താനില്ലെന്ന് നിതീഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

2024ൽ കേന്ദ്രത്തിൽ പുതിയ സർക്കാറുണ്ടാക്കാൻ കൂട്ടായ പ്രവർത്തനത്തിന് സമയമായെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ ആഹ്വാനം ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം, സർക്കാറിനെ മാറ്റുന്നതാണ്. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെന്നും പവാർ കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന അകാലിദൾ, ജെ.ഡി.യു, ശിവസേന എന്നീ കക്ഷികൾ ഇപ്പോൾ മറുഭാഗത്താണെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ചൂണ്ടിക്കാട്ടി. ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് ശിവസേനയും അകാലിദളും ജെ.ഡി.യുവും എൻ.ഡി.എ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് പറഞ്ഞു.

Tags:    
News Summary - Unity against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.