യോഗിയുമായി ചർച്ചക്കൊരുങ്ങി ക്രിസ്ത്യൻ നേതാക്കൾ: ‘ചർച്ചുകൾ പൂട്ടിക്കുന്നതും പുരോഹിത​ർക്കെതിരെ കേസെടുക്കുന്നതും അവസാനിപ്പിക്കണം’

ലഖ്നോ: മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് യു.പിയിൽ പാസ്റ്റർമാരടക്കം നൂറോളം പേർക്കെതിരെ കേസെടുക്കുകയും 10 ഓളം ചർച്ചുകൾ പൂട്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമുദായ നേതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്താൻ ഒരുങ്ങുന്നു. പാസ്റ്റർമാർക്കും വിശ്വാസികൾക്കുമെതിരായ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യോഗിയെ കാണു​മെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മതപരിവർത്തനത്തിന്റെ പേരിൽ വ്യാജ കേസുകൾ ചുമത്തി ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നതായി ഉത്തർപ്രദേശ് പാസ്റ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു. “സംസ്ഥാനത്ത് ആറ് മാസത്തിനിടെ നിരവധി പാസ്റ്റർമാർക്കെതിരെ മതപരിവർത്തനത്തിന് കേസെടുത്തു. കാൺപൂർ, ഫത്തേപൂർ, ബറേലി തുടങ്ങിയ ജില്ലകളിൽ 10 ചർച്ചുകൾ ക​ള്ളക്കേസ് ചുമത്തി പൂട്ടിച്ചു. ഇത് സമൂഹപ്രാർത്ഥന ഉൾപ്പെടെയുള്ള സഭാ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

ഏറ്റവുമൊടുവിൽ ഫെബ്രുവരി 12 ന് മതപരിവർത്തനം ആരോപിച്ച് ജൗൻപൂർ ജില്ലയിലെ മുറാദ്പൂർ കൊട്ടില ഗ്രാമത്തിലെ 16 പേരെ അറസ്റ്റ് ചെയ്തതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം ഉപയോഗിച്ചാണ് വിദ്യാഭ്യാസപ്രവർത്തകർക്കെതിരെ വരെ കേസെടുത്തത്. ബദ്‌ലാപൂരിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ എംഡിയായിരുന്ന തോമസ് ജോസഫും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഹിന്ദു ഗൗരവ് മഹാസഭയുടെ ദേശീയ അധ്യക്ഷനെന്ന് അവകാശപ്പെടുന്ന പ്രമോദ് ശർമ്മ എന്നയാളുടെ പരാതിയിലാണ് നടപടി.

എന്നാൽ, മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് മുമ്പ് പോലീസ് അന്വേഷണം പോലും നടത്തുന്നില്ലെന്ന് ക്രിസ്ത്യൻ നേതാക്കൾ ആരോപിക്കുന്നു. ‘ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു എന്നാരോപിച്ച് കേസെടുക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പരാതിക്കാരന്റെ മൊഴി പരിശോധിക്കാനോ നടപടിയെടുക്കുന്നതിന് മുമ്പ് തെളിവ് ശേഖരിക്കാനോ പൊലീസ് മെനക്കെടാറില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അവർ ആളുകളെ അറസ്റ്റ് ചെയ്യുന്നു" -ഭാരതീയ മസിഹ് മഹാസഭയുടെ പ്രസിഡന്റ് സാമുവൽ സിങ് പറഞ്ഞു.

Tags:    
News Summary - UP: Christian leaders allege false conversion cases and arrests, to approach Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.