യു.പിയിൽ കാലില്ലാത്ത യുവാവിനോട്​ പൊലീസുകാര​െൻറ കണ്ണില്ലാ ക്രൂരത

ലഖ്​നോ: ഒരു കാൽ പാതി മുറിച്ചുമാറ്റിയ ആ യുവാവിനെ പൊലീസ്​ ഓടിച്ചുകൊണ്ടുപോവുകയും ഒടുവിൽ നിലത്തേക്ക്​ തള്ളിയിട​ുകയും ചെയ്യുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതായിരുന്നു. ഊന്നുവടിയുടെ സഹായമില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അയാളെ ഒറ്റക്കാലിൽ ഓടിച്ചുകൊണ്ടു​േപാകുകയായിരുന്നു ആ പൊലീസുകാരൻ. യുവാവി​െൻറ ഗർഭിണിയായ ഭാര്യ കരഞ്ഞുപറഞ്ഞിട്ടും അയാൾ തരിമ്പും ദയ കാട്ടിയില്ല. ഭിന്നശേഷിക്കാരനോട്​ പൊലീസുകാര​െൻറ കൊടിയ ക്രൂരത സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രതിഷേധത്തിന്​ വഴിയൊരുക്കി. ഒടുവിൽ അയാളെ സസ്​പെൻഡ്​ ചെയ്​ത്​ അന്വേഷണത്തിന്​ ഉത്തരവിട്ടിരിക്കുകയാണ്​ അധികൃതർ. സമീപകാലത്ത്​ വിമർശന മുനയിൽനിൽക്കുന്ന ഉത്തർപ്രദേശ്​ പൊലീസി​െൻറ പ്രതിച്​ഛായക്ക്​ കള​ങ്കമേൽപിക്കുന്ന മറ്റൊരു സംഭവം കൂടിയായി ഇത്​.

കാൺപൂരിനടുത്ത സൗറിച്ച്​ പൊലീസ്​ സ്​​റ്റേഷനിലാണ്​ സംഭവം. നദീമാവുവിലെ നഗ്​ല വീർഭൻ സ്വദേശിയായ 26കാരനായ ഭിന്നശേഷിക്കാരൻ സുദീപ്​ റിക്ഷ വലിച്ചാണ്​ ജീവിക്കുന്നത്​. ഈ റിക്ഷയിൽ മകൻ അരുണിനെ ഡോക്​ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ്​ സംഭവം. മകനും ഭാര്യ രാധയും ബന്ധുവായ പെൺകുട്ടിയും റിക്ഷയിലുണ്ടായിരുന്നു. നദീമാവ്​ ജങ്​ഷനിലെത്തിയപ്പോൾ റിക്ഷക്കുമുന്നിൽ ഒരു ട്രക്ക്​ വന്നുനിന്നു. അതോടെ, റിക്ഷ റോഡി​െൻറ മറുവശത്തേക്ക്​ മാറ്റാനായി സുദീപി​െൻറ ശ്രമം. അവിടെയുണ്ടായിരുന്ന ​െപാലീസുകാരൻ പക്ഷേ, സമ്മതിച്ചില്ല. റിക്ഷ എടു​ത്തുമാറ്റാനായിരുന്നു അ​യാളുടെ നിർദേശം. എടുത്തുമാറ്റാതിരുന്നതോടെ അയാൾ ക്രുദ്ധനായി സുദീപിനുനേരെ തിരിയുകയായിരുന്നു.



സുദീപിനെ തെറിയഭിഷേകം നടത്തിയ പൊലീസുകാരൻ, പിന്നീട്​ ഇയാ​ളെ മർദിക്കുകയും ചെയ്​തു. അടിക്കരുതെന്ന്​ ഭാര്യ കരഞ്ഞുപറഞ്ഞിട്ടും അയാൾ കേട്ടില്ല. എന്നിട്ടും അരിശം തീരാഞ്ഞ്​ സുദീപിനെ അയാൾ റോഡിലൂടെ വലിച്ചിഴച്ചും തള്ളിയും പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സ്​ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തതോടെയാണ്​ വാർത്തയായത്​. പൊലീസുകാരൻ കാട്ടിയ ക്രൂരതകൾ സ്​റ്റേഷനിൽവെച്ച്​ സുദീപ്​ കണ്ണീരോടെ വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. റിക്ഷ മാറ്റാൻ കൂട്ടാക്കിയില്ലെന്നും അതോടെ ഗതാഗത തടസ്സമുണ്ടായെന്നുമാണ്​ പൊലീസുകാര​െൻറ വാദം. സുദീപ്​ മോശമായി പെരുമാറിയെന്നും ത​െൻറ യൂനിഫോമിൽ പിടിച്ചുവലിച്ചുവെന്നും പൊലീസുകാരൻ ആരോപിച്ചു.

എ.എ.പി നേതാവ്​ സഞ്​ജയ്​ സിങ്​ ഉൾപെടെ പലരും ദൃശ്യങ്ങൾ പങ്കുവെച്ച്​ പൊലീസിനെ വിമർശിച്ച്​ ട്വീറ്റ്​ ചെയ്​തു. 'ഉത്തർപ്രദേശ്​ പൊലീസ്​ തങ്ങളുടെ ശൗര്യം കാട്ടുന്നത്​ കൊലയാളികളോടല്ല, ഭിന്നശേഷിക്കാരോടാണ്​. അവർക്കെതിരെ സംസാരിച്ചാൽ അവർ നിങ്ങളെ രാജ്യദ്രോഹിയാക്കും.' -സഞ്​ജയ്​ സിങ്​ കുറ്റ​പ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.