യു​.പി പൊലീസ്​ കല്ലേറ് നേരിട്ടത്​ പ്ലാസ്റ്റിക്​ സ്റ്റൂളും ചൂരല്‍ക്കുട്ടയുമായി; നാലുപേർക്ക്​ സസ്​പെൻഷൻ

ഉന്നാവ് (ഉത്തർപ്രദേശ്): അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാൻ യു.പി പൊലീസ്​ ഉപയോഗിച്ചത്​ പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയും. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ നാണക്കേട്​ ഉണ്ടായതിനാൽ നാല്​ പൊലീസുകാർക്കെതി​രെ അധികൃതർ നടപടി സ്വീകരിച്ചു. സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശം ഉയർന്ന സാഹചര്യത്തിലാണ്​ ഉത്തരവാദികൾക്കെതിരെ ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്​.

ഉന്നാവിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ദിനേശ് ചന്ദ്ര മിശ്രയെയും മൂന്ന് പൊലീസുകാരെയും സസ്​പെന്‍റ്​ ചെയ്​തു. അക്രമം നേരിടുന്നതിലെ മികവില്ലായ്മ, പൊലീസിന്‍റെ നിലവാരം കുറച്ചുകളഞ്ഞ പ്രവർത്തനം, അലംഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഉന്നാവ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ച സംഭവമാണ് സംഘർഷത്തിന് ഇടയാക്കിയത്. പോസ്റ്റുമോർട്ടത്തിനുശേഷം ശവസംസ്കാരം നടത്താൻ പോയ ബന്ധുക്കൾ മൃതദേഹങ്ങളുമായി അപകടം നടന്ന സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ അനുനയിപ്പിച്ച് പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പൊലീസിനുനേരെ ​കല്ലേറ്​ തുടങ്ങിയത്​.


പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയും ഉപയോഗിച്ചാണ്​ പൊലീസുകാർ കല്ലേറ്​ നേരിട്ടത്​. ഇതിന്‍റെ ​ഫോ​ട്ടോകളും വിഡിയോകളും വൈറലാകുകയും ചെയ്​തു. ഇതോടെ യു.പി പൊലീസ്​ അധികൃതർക്കെതിരെ രൂക്ഷ വിമർശമുയർന്നു. അക്രമം നേരിടേണ്ടിവരുമ്പോൾ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ പൊലീസിന്​ നൽകിയി​​ല്ലെന്നായിരുന്നു വിമർശം. ഇത്​ പൊലീസ് സേനയ്ക്ക് ഒന്നടങ്കം നാണക്കേട് ആയതോടെയാണ്​ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്​.

നാല്​ ​പൊലീസുകാരെ സസ്​പെന്‍റ്​ ചെയ്​തെന്ന്​ വ്യക്​തമാക്കി ലഖ്നോ റേഞ്ച് ഐ.ജി ലക്ഷ്മി സിങ്​ ട്വീറ്റ് ചെയ്യുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ ഉപയോഗിക്കേണ്ട സുരക്ഷ ഉപകരണങ്ങൾ എല്ലാ ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉന്നാവിൽ ജനങ്ങൾ അക്രമാസ്​കതരാകുമെന്ന രഹസ്യ വിവരം ലഭിച്ചിട്ടും മുന്നൊരുക്കം ഇല്ലാതെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയതെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - UP Cops use plastic stool, wicker basket as riot control gear, 4 suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.