മുറാദാബാദ്: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കുനേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.
34 കാരനായ അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമിത് ചൗധരി, അനികേത് എന്നിവർക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു. സജീവ ബി.ജെ.പി നേതാവായ അനൂജ് ചൗധരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭാലിയിലെ അസ്മോലി ബ്ലോക്കിൽനിന്ന് മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.