വ്യാജ പാൽ നിർമിക്കുന്ന രീതി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു 

അതേ നിറം, അതേ മണം; ഒരു ലിറ്റർ രാസവസ്തു കൊണ്ട് ഉണ്ടാക്കുന്നത് 500 ലിറ്റർ വ്യാജ പാൽ, വ്യവസായി പിടിയിൽ -VIDEO

ലഖ്നോ: രാസവസ്തുക്കൾ കലർത്തി വൻതോതിൽ വ്യാജ പാൽ നിർമിച്ച് വിൽപ്പന നടത്തിവന്ന വ്യവസായി പിടിയിൽ. യു.പിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. 20 വർഷത്തോളമായി പാലിന്‍റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലേർപ്പെട്ടിരുന്ന അജയ് അഗർവാൾ എന്നയാളാണ് പിടിയിലായത്. അഗർവാൾ ട്രേഡേഴ്സ് എന്ന ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. 20 വർഷമായി ഇയാൾ വ്യാജ പാലും വ്യാജ പനീറും വിൽക്കുകയാണെന്ന് കണ്ടെത്തി.

അഗർവാൾ ട്രേഡേഴ്സിന്‍റെ ഗോഡൗൺ കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അധികൃതർ റെയ്ഡ് ചെയ്തിരുന്നു. വൻ തോതിൽ രാസവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. അഞ്ച് മില്ലി ലിറ്റർ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റർ പാൽ ഉണ്ടാക്കാമെന്നാണ് ഇയാൾ വെളിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ പാൽ വരെ കൃത്രിമമായി നിർമിക്കാൻ കഴിയുമത്രെ.

രാസവസ്തു കൂട്ടിക്കലർത്തി പാൽ നിർമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പാലിന്‍റെ മണം ലഭിക്കാൻ ഫ്ലേവറിങ് ഏജന്‍റുകളാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് കൃത്രിമ മധുരപദാർഥങ്ങളും വൻതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും രണ്ട് വർഷം മുമ്പേ കാലാവധി കഴിഞ്ഞതുമാണ്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിയേറ്റ് പൗഡർ, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തത്.


വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഈ വ്യാജ പാൽ വിതരണം ചെയ്യുന്നത് ആരാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് എഫ്.എസ്.എസ്.എ.ഐ ഉദ്യോഗസ്ഥൻ വിനീത് സക്സേന പറഞ്ഞു. 

Tags:    
News Summary - UP dairy trader makes 500 litre fake milk with 1 litre chemicals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.