ഡോക്ടർ ഇഞ്ചക്ഷൻ മാറി നൽകി; 17 കാരി മരിച്ചു, മൃതദേഹം ആശുപത്രിക്ക് പുറത്ത് തള്ളി

ലഖ്നോ: ഞെട്ടിക്കുന്ന സംഭവത്തിന്‍റെ റിപ്പോർട്ടാണ് ഉത്തർ പ്രദേശിലെ ആശുപത്രിയിൽനിന്നും പുറത്തുവരുന്നത്. ഡോക്ടർ ഇഞ്ചക്ഷൻ മാറി നൽകിയതിനെ തുടർന്ന് 17കാരി മരിച്ചു. മരണ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് മാത്രമല്ല, മൃതദേഹം ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ട ബൈക്കിന് മുകളിൽ തള്ളി ഡോക്ടറും ജീവനക്കാരും സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.

മെയിൻപുരിയിലെ ഘിരോറിലെ കർഹാൽ റോഡിലുള്ള രാധ സ്വാമി ആശുപത്രിയിലാണ് ക്രൂര സംഭവം. ഭർതി എന്ന പെൺകുട്ടിക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ജീവൻ നഷ്ടപ്പെട്ടത്.

പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഭർതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം ഭേദമാകുന്നുണ്ടെന്ന് ബുധനാഴ്ച ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പിന്നീട് ഡോക്ടർ ഇഞ്ചക്ഷൻ നൽകുകയും ഇതോടെ ആരോഗ്യാവസ്ഥ വഷളാകുകയും ചെയ്തത്രെ.

സംഭവം പുറത്തറിഞ്ഞതോടെ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബൈക്കിന് മുകളിൽ കിടക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആശുപത്രിക്കെതിരെ നടപടിക്ക് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഉത്തരവിട്ടു. ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ നടപടി സ്വീകരിച്ചതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതായും അധികൃതർ അറിയിച്ചു.
ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി ജില്ല ചീഫ് മെഡിക്കൽ ഓഫീസർ ആശുപത്രി പൂട്ടി സീൽ ചെയ്തു.

Tags:    
News Summary - UP Girl Dies After Wrong Injection,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.