ലഖ്നോ/കൊൽക്കത്ത: ഉത്തർപ്രദേശിൽ പ്രതിഷേധിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ വീടുകൾ തകർക്കുന്നതിനെതിരെ രാജ്യവ്യാപക വിമർശനമുയർന്നിട്ടും അടിച്ചമർത്തൽ നടപടികൾ തുടർന്ന് സംസ്ഥാന സർക്കാർ.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന് യു.പി പൊലീസ് കൂടുതൽ പേർക്കെതിരെ കേസ് എടുക്കുകയാണ്. ജൂൺ 10ന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു ജില്ലകളിലായി 325 പേരെ അറസ്റ്റ ചെയ്തതായി സംസ്ഥാന എ.ഡി.ജി.പി പ്രശാന്ത്കുമാർ പറഞ്ഞു. 92 പേരെ അറസ്റ്റ് ചെയ്ത പ്രയാഗ് രാജിലാണ് കൂടുതൽ നടപടിയുണ്ടായത്. ഇതിനു പുറമെ, സഹാറൻപുർ, ഫിറോസാബാദ്, അംബേദ്കർ നഗർ, മൊറാദാബാദ്, ഹാഥ്റസ്, അലീഗഢ്, ലഖിംപുർ ഖേരി, ജലായൂൻ എന്നിവിടങ്ങളിലും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.
ഇതിനിടെ, യു.പിയിൽ മുസ്‍ലിം വീടുകൾ തിരഞ്ഞുപിടിച്ച് തകർക്കുന്ന സർക്കാർ നടപടിക്കെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, പ്രവാചകനിന്ദക്കെതിരെ വൻ പ്രതിഷേധം അരങ്ങേറിയ പശ്ചിമബംഗാളിൽ തിങ്കളാഴ്ച സ്ഥിതിഗതികൾ ശാന്തമാണ്. ചിലയിടങ്ങളിൽ ഇന്നലെയും പ്രതിഷേധങ്ങൾ അരങ്ങേറിയെന്നും പൊലീസ് വിന്യാസം ശക്തമാക്കിയെന്നും അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞതിനെ തുടർന്ന്, കിഴക്കൻ റെയിൽവേയുടെ സീൽദ-ഹഷ്നബാദ് സെക്ഷനിൽ റെയിൽ ഗതാഗതത്തിന് തടസ്സംനേരിട്ടു.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളുടെ കോലം റെയിൽവേ ട്രാക്കിൽ കത്തിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച മുർഷിദാബാദ്, ഹൗറ, നാദിയ ജില്ലകളും കനത്തസുരക്ഷയിലാണ്. നാദിയ ജില്ലയിലെ ബേത്തുവദഹാരിയിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് 25 പേർ അറസ്റ്റിലായി. മേഖലയിൽ വ്യാപാരികൾ 72 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.