ആഗ്ര: ഓക്സിജൻ മുടങ്ങിയാൽ എത്രപേർ മരിക്കുമെന്ന് അറിയാൻ വേണ്ടി രോഗികൾക്കുള്ള ഓക്സിജൻ വിതരണം അഞ്ചു മിനിറ്റ് നേരം നിർത്തിവെച്ചതായി ആഗ്രയിലെ സ്വകാര്യ ആശുപത്രി ഉടമയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. അങ്ങനെ ചെയ്തപ്പോൾ 22 രോഗികൾ നീല നിറമായി മാറിയെന്നും, ഓക്സിജൻ നിലച്ചാൽ അവർ മരിക്കുമെന്ന് അങ്ങനെ മനസ്സിലായെന്നും വിവരിക്കുന്ന ആശുപത്രി ഉടമയുടെ ഓഡിയോ ക്ലിപ്പാണ് പുറത്തായത്. സംഭവം വിവാദമായതിനെ തുടർന്ന് യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രിൽ 27നാണ് സംഭവമെന്ന് സംഭാഷണത്തിൽ പറയുന്നു. ഓക്സിജൻ ഏതു സമയവും മുടങ്ങിയേക്കാം എന്ന അവസ്ഥ വന്നപ്പോൾ, ഏറ്റവും അനിവാര്യരായ രോഗികളെ കണ്ടെത്താനായിരുന്നു ആ 'മോക്ഡ്രിൽ' എന്നും ആഗ്രയിലെ പരസ് ആശുപത്രി ഉടമ അരിഞ്ജയ് ജെയ്ൻ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. ഈ ആശുപത്രിയിൽ അന്നേ ദിവസം ഓക്സിജൻ കിട്ടാതെ 22 പേർ മരിച്ചുവെന്നായിരുന്നു ആദ്യം വാർത്ത പുറത്തുവന്നത്. ഇത് അധികൃതർ നിഷേധിച്ചു.
''മുഖ്യമന്ത്രിക്കു പോലും ഓക്സിജൻ കിട്ടാത്ത സമയമാണെന്നാണ് ഞങ്ങൾക്കു കിട്ടിയ വിവരം. അതോടെ ഞങ്ങൾ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ആരംഭിച്ചു. എന്നാൽ ചില രോഗികളുടെ ബന്ധുക്കൾ ഇത് എതിർത്തു. അതോടെ, ഓക്സിജൻ മുടങ്ങിയാൽ ആരു മരിക്കും ആരും ജീവിക്കും എന്ന് നോക്കാമെന്ന് ഞാൻ പറഞ്ഞു.
രാവിലെ ഏഴിന് ആരുമറിയാതെ ഞങ്ങൾ ഒരു മോക്ഡ്രിൽ നടത്തി. അഞ്ചു മിനിറ്റ് ഓക്സിജൻ നിർത്തിവെച്ച് മരണസാധ്യതയുള്ള 22 പേരെ തിരിച്ചറിഞ്ഞു. പ്രാണവായു കിട്ടാതെ അപ്പോഴേക്കും അവരുടെ ശരീരം നീല നിറമായി മാറിയിരുന്നു.'' -അരിഞ്ജയ് പറയുന്നു. ശബ്ദം റെക്കോഡ് ചെയ്ത ദിവസം ഓക്സിജൻ കിട്ടാതെ ആരും മരിച്ചിരുന്നില്ലെന്നും എന്നിരുന്നാലും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ.സിങ് പ്രതികരിച്ചു. ''ഓക്സിജൻ ക്ഷാമം സംബന്ധിച്ച് തുടക്കത്തിൽ എല്ലായിടത്തും ഭീതി നിലനിന്നിരുെന്നങ്കിലും ചെറിയ ക്ഷാമം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 48 മണിക്കൂറിനുള്ളിൽ ഞങ്ങളത് പരിഹരിച്ചു. 22 പേർ മരിച്ചുവെന്നത് അസത്യമാണ്'' - ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
ഓഡിയോ ടേപ് വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ആശുപത്രി ഉടമ രംഗത്തുവന്നിട്ടുണ്ട്. തെൻറ സംസാരം തെറ്റിദ്ധരിച്ചതാണെന്നു പറഞ്ഞ ഉടമ, ഓക്സിജൻ വിതരണം ഏറ്റവും അനിവാര്യമായവർക്ക് മാത്രം നൽകാനായി രോഗികളെ തരംതിരിക്കണമെന്ന് തങ്ങൾക്ക് നിർദേശമുണ്ടായിരുന്നുവെന്ന് വിശദീകരിച്ചു. രോഗികളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.