ന്യൂഡൽഹി: ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് എത്തിയ ദൈവത്തിന്റെ സ്വന്തം മനുഷ്യനാണ് ജസ്റ്റിസ് സി.ടി. രവികുമാറെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
ജസ്റ്റിസ് സി.ടി. രവികുമാറിന്റെ അവസാന പ്രവൃത്തിദിനമായ വെള്ളിയാഴ്ച ഒന്നാം നമ്പർ കോടതിയിൽ സെറിമോണിയൽ ബെഞ്ചിന്റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ഗ്രാമീണ പശ്ചാത്തലത്തിൽനിന്നു വന്ന് സുപ്രീംകോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കാനായത് ശ്രദ്ധേയമായ നേട്ടമാണ്. നിലപാടുകളിൽ എന്നും മനുഷ്യത്വം പുലർത്തിയിരുന്നു. പദവി നേടിയെടുക്കുക മാത്രമല്ല, മികച്ച പ്രകടനം കാഴ്ചവെക്കുകകൂടി ചെയ്തുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്റെ ജീവിതമെന്ന് മറുപടി പ്രസംഗത്തിൽ ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു. ഭരണഘടന എല്ലാവർക്കും തുല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. 2021ൽ സുപ്രീകോടതി ജഡ്ജിയായി എത്തിയ ജസ്റ്റിസ് സി.ടി. രവികുമാർ ഞായറാഴ്ചയാണ് വിരമിക്കുന്നത്.
ദലിത് സമുദായത്തിൽനിന്നുള്ള ജസ്റ്റിസ് രവികുമാർ 20 വർഷത്തോളം കേരള ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തു. 2009ൽ കേരള ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായും 2010 മുതൽ 2021 വരെ സ്ഥിരം ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. കോഴിക്കോട് ലോ കോളജിൽനിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്. മാവലേിക്കരയാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.