മുസഫർ നഗർ: യു.പിയിലെ മുസഫർ നഗറിൽ 2013ൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭാംഗം ഉൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. മന്ത്രിയും മുസഫർ നഗർ എം.എൽ.എയുമായ കപിൽ ദേവ് അഗർവാൾ, മുൻ കേന്ദ്ര മന്ത്രി സഞ്ജീവ് ബാല്യൻ, മുൻ യു.പി മന്ത്രി സുരേഷ് റെന, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി, മുൻ പാർലമെന്റംഗം ഭർതേന്ദു സിങ്, വിവാദ സന്യാസി യതി നർസിങ് ആനന്ദ്, മുൻ എം.എൽ.എ അശോക് കൻസാൽ തുടങ്ങിയവർക്കെതിരെയാണ് മുസഫർ നഗറിലെ എം.പി-എം.എൽ.എ കോടതി ജഡ്ജി ദേവേന്ദർ സിങ് ഫൗസ്ദർ കുറ്റം ചുമത്തിയത്. മുസഫർ നഗർ എം.പിയും എസ്.പി നേതാവുമായ ഹരീന്ദർ മാലികും കേസിൽ പ്രതിയാണ്.
നിയമലംഘനം, പ്രകോപനപരമായ പ്രസംഗം, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കടന്നുകയറ്റം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കേസിന്റെ അടുത്ത വിചാരണ ജനുവരി 30ന് നടക്കും.
2013 ആഗസ്റ്റ് 30ന് മുസഫർനഗറിലെ നഗ്ല മദോർ എന്ന ഗ്രാമത്തിൽ പ്രതികളായ സംഘ്പരിവാർ നേതാക്കൾ സംഘടിപ്പിച്ച യോഗത്തിൽ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്നും ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദം. സെപ്റ്റംബർ 17 വരെ നീണ്ട കലാപത്തിൽ ചുരുങ്ങിയത് 60 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.