ന്യൂഡൽഹി: ഒരുവർഷത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട യു.പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഉൾപ്പോര് മുറുകി. ബി.ജെ.പി തോൽവി മണക്കുന്ന സാഹചര്യങ്ങൾക്കിടയിൽ മന്ത്രിസഭയിൽ സ്വന്തക്കാരനെ 'പ്ലാൻറ്' ചെയ്യാനുള്ള മോദിയുടെ നീക്കം ചെറുത്ത് യോഗി; പ്രശ്നപരിഹാരത്തിന് ആർ.എസ്.എസ് ഇടപെടൽ.
കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ കുറ്റകരമായ അലംഭാവം കാട്ടിയ ഏറ്റവും ഒടുവിലത്തെ സംഭവവുംകൂടിയായപ്പോൾ സംസ്ഥാനത്ത് പാർട്ടിയുടെ നിരവധി എം.പിമാരും എം.എൽ.എമാരും യോഗിയുമായി മുന്നോട്ടുേപാകാൻ പറ്റില്ലെന്ന നിലപാടിലാണ്. ആർ.എസ്.എസ് ശക്തമായി പിന്തുണക്കുന്ന യോഗിയെ മാറ്റുക എളുപ്പമല്ലെങ്കിലും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തം. തെൻറ വിശ്വസ്തനായ എ.കെ. ശർമയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് മോദി.
മുഖ്യമന്ത്രിമാരുടെ പിറന്നാൾ ദിനത്തിൽ ട്വിറ്ററിൽ ആശംസ നേരാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗിയുടെ കാര്യത്തിൽ ഇക്കഴിഞ്ഞ ദിവസം അനങ്ങാതിരുന്നത് ഉൾപ്പോര് വിളിച്ചറിയിച്ചു.
മറുവശത്ത്, കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാറിനുണ്ടായ വീഴ്ചകൾ മറച്ചുപിടിക്കാൻ യു.പിയിലേക്കും തന്നിലേക്കും കുന്തമുന തിരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് യോഗിയുടെ പക്ഷം.
ബി.ജെ.പിയുടെ തട്ടകമായ യു.പിയിൽ ഇേപ്പാഴൊരു തെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി തോറ്റുപോകുമെന്ന സ്ഥിതിയാണ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച മാത്രമല്ല, യോഗിയുടെ ഭരണൈശലിയാണ് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കിയത് സമാജ്വാദി പാർട്ടിയാണ്. കാര്യങ്ങൾ ഇങ്ങനെ പോയാൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ അവസ്ഥയാണ് മോദി, അമിത് ഷാമാരെ ആശങ്കയിലാക്കുന്നത്.
വോട്ട് സ്വാധീനിക്കാൻ തെരഞ്ഞെടുപ്പുനേരത്ത് അയോധ്യ അടക്കമുള്ള വിഷയങ്ങൾ എടുത്തിട്ട് വർഗീയത ആളിക്കാനുള്ള സാധ്യതക്ക് അടിവരയിടുന്നതാണ് സംഭവവികാസങ്ങൾ. യു.പി അടക്കം വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ രണ്ടു ദിവസമായി ഡൽഹിയിൽ ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗം വിലയിരുത്തി. അതനുസരിച്ചുളള മാറ്റങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രകടമാവും.
സംസ്ഥാന ചുമതലയുള്ള ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ രാധാമോഹൻ സിങ് ഞായറാഴ്ച ഗവർണർ ആനന്ദിബെൻ പട്ടേലിനെ ചെന്നുകണ്ടത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച ഊഹാപോഹത്തിന് ആക്കം കൂട്ടി. ബി.ജെ.പിയുടെ പ്രവർത്തനരീതിയനുസരിച്ച്, പുനഃസംഘടന വേണമെങ്കിൽ ഇത്തരമൊരു കൂടിക്കാഴ്ചയുടെ ആവശ്യമില്ല.
കൂടിക്കാഴ്ചക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് രാധാമോഹൻ സിങ് വിശദീകരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.