ലഖ്നൗ: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കപ്പന് തീവ്രവാദ ബന്ധമുണ്ടെന്ന് ഉത്തർ പ്രദേശ് പൊലീസിന്‍റെ കുറ്റപത്രം. കാപ്പൻ നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജണ്ട കൂടുതൽ വിപുലീകരിക്കാൻ ശ്രമിക്കുന്നുവെന്ന് 5,000 പേജുള്ള കുറ്റപത്രത്തിൽ ആരോപിക്കുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഏപ്രിലിൽ യു.പി പൊലീസിന്‍റെ സ്പെഷൽ ടാസ്ക് ഫോഴ്സ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കാപ്പനോ നിയമവിദഗ്ധർക്കോ നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇതിന്‍റെ യഥാർത്ഥ പകർപ്പുകൾ ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
ഹാഥറസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പൻ, പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർറഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.
കാപ്പൻ എഴുതിയ 36 ലേഖനങ്ങൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ സംഘടന യോഗി ആദിത്യനാഥ് സർക്കാർ നിരോധിക്കാൻ വിചരിക്കുന്നതാണ്. ലേഖനങ്ങളിലൊന്ന് 2019 ഡിസംബറിൽ ആരംഭിച്ച വിവാദ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെക്കുറിച്ചാണ്. ശഹീൻ ബാഗ് പ്രക്ഷോഭത്തിനിടെ കപിൽ ഗുർജാർ നടത്തിയ വെടിവെപ്പിനെ മഹാത്മാഗാന്ധിയുടെ കൊലപാതകവുമായിട്ടാണ് ലേഖനം താരതമ്യപ്പെടുത്തുന്നത്. ഡൽഹി പൊലീസ് പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെയും ലേഖനം വിമർശിക്കുന്നു' -കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം നടന്ന ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തീവ്രവാദ കേസ് നേരിടുന്ന ഷർജീൽ ഇമാമിനെ കുറിച്ചാണ് മറ്റൊരു ലേഖനം. ഇത് വർഗീയത പ്രോത്സാഹിപ്പിക്കുന്നതാണ്. 'ഒരു കലാപസമയത്ത്, ഒരു പ്രത്യേക സമുദായത്തിന്‍റെ പേര് മാത്രം പറയുകയും ആ സമുദായവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോൾ അവർ പ്രകോപിതരാകും. ഉത്തരവാദിത്തമുള്ള റിപ്പോർട്ടർമാർ അത്തരം വർഗീയ റിപ്പോർട്ടിങ്ങിൽ ഏർപ്പെടരുത്. എന്നാൽ, സിദ്ദീഖ് കാപ്പന്‍റെ പത്രപ്രവർത്തനം മുസ്ലിംങ്ങളെ ഇളക്കിവിടാനും കലാപങ്ങളും വർഗീയ വികാരങ്ങളും ഉണർത്താൻ ആഗ്രഹിക്കുന്ന പി.എഫ്.ഐയുടെ അജണ്ട കൂടുതൽ മെച്ചപ്പെടുത്താനും മാത്രമായിരുന്നു' -കുറ്റപത്രത്തിൽ പറയുന്നു.
പകർച്ചവ്യാധി വ്യാപിപ്പിക്കുന്നതിൽ നിസാമുദ്ദീൻ മർക്കസിന്‍റെ പങ്കിനെക്കുറിച്ചുള്ള ആരോപണത്തിനെതിരായ ലേഖനവും കുറ്റപത്രത്തിൽ ഉദ്ധരിക്കുന്നു. മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്‍റെ തന്ത്രമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, കുറ്റപത്രം ഏകപക്ഷീയമാണെന്ന് കാപ്പന്‍റെ അഭിഭാഷകൻ വിൽസ് മാത്യൂസ് കുറ്റപ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്ത് ഒരു വർഷമായിട്ടും കുറ്റപത്രത്തിന്‍റെ അസ്സൽ പകർപ്പുകൾ ഇതുവരെ നൽകിയിട്ടില്ല.
കാപ്പന് ഒന്നും ഒളിക്കാനില്ല. തന്‍റെ നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് ടെസ്റ്റുകൾക്ക് പോലും അദ്ദേഹം സന്നദ്ധനാണ്. കാപ്പൻ അറസ്റ്റിലായി ഒരു വർഷം തികയുകയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും ഞങ്ങൾക്ക് അത് ലഭിച്ചിട്ടില്ലെന്നും മാത്യൂസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, സിദ്ദീഖ് കാപ്പെൻറ സിമി ബന്ധം അന്വേഷിക്കാൻ യു.പി സർക്കാർ സമർപ്പിച്ച അപേക്ഷ മഥുര കോടതി ആഗസ്റ്റിൽ തള്ളിയിരുന്നു.
സിദ്ദീഖ് കാപ്പന്‍റെ കേസില്‍ സര്‍ക്കാര്‍ കക്ഷിചേരണമെന്ന് ഐക്യദാര്‍ഢ്യ സമിതി. അദ്ദേഹത്തിന്‍റെ ഭാര്യയും മൂന്നു കുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ്. അവര്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളാണ്. അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും ഐക്യദാര്‍ഢ്യ സമിതി കോഴിക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോടും കാപ്പന്‍റെ ജന്മനാട്ടിലും യോഗങ്ങള്‍ നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.
'സിദ്ദീഖ് കാപ്പന് നീതി നല്‍കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ അഞ്ചിന് അദ്ദേഹത്തിന്‍റെ ജന്മനാടായ മലപ്പുറത്തെ പൂച്ചോലമാട്ടിലും കോഴിക്കോട് നഗരത്തിലും വിപുലമായ രണ്ടു സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. മലപ്പുറത്തെ പരിപാടി അബ്ദുസ്സമദ് സമദാനി എം.പിയും കോഴിക്കോട്ടെ പരിപാടി എം.കെ. രാഘവന്‍ എം.പിയും ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ ഇരുപരിപാടികളിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.