ജാട്ടുകൾ മുഗളൻമാരോട്​ യുദ്ധം ചെയ്​തു, ബി.ജെ.പിയും; കർഷകരെ അനുനയിപ്പിക്കാൻ അമിത്​ ഷാ

കർഷകരെ അനുനയിപ്പിക്കാൻ സകല അടവും പുറത്തെടുത്ത്​ ബി.ജെ.പി. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ബി.ജെ.പിയുമായി അകലം പാലിക്കുന്ന കർഷകർ തലവേദനയാകും എന്ന ഭയമാണ്​ ബി.ജെ.പിയെ അലട്ടുന്നത്​. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാട്ട് നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

ഇടഞ്ഞുനില്‍ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബി.ജെ.പി എം.പി പർവേഷ് വർമയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യു.പി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.

"ബി.ജെ.പി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബി.ജെ.പിയും കര്‍ഷകരുടെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബി.ജെ.പിയും രാജ്യത്തിന്‍റെ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോൾ ഞങ്ങൾ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും, ഞങ്ങൾ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങൾക്ക് വോട്ട് നല്‍കിയിട്ടുണ്ട്"-

അമിത്ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബി.ജെ.പിയെ കൈവിടുമോ എന്ന ആശങ്ക കാരണമാണ് പിന്തുണ തേടി അമിത് ഷാ തന്നെ എത്തിയത്. 'നിങ്ങൾ മുഗളന്മാരോട് യുദ്ധം ചെയ്തു, ഞങ്ങളും പോരാടുകയാണ്' എന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു- "ഞങ്ങൾ കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

എന്താണെന്ന് പറയട്ടെ.. പട്ടാളക്കാർ 'വൺ റാങ്ക് വൺ പെൻഷൻ' ചോദിച്ചു, ഞങ്ങൾ കൊടുത്തു. ഞങ്ങൾ മൂന്ന് ജാട്ട് ഗവർണർമാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 കാരണം 40,000 പേർ മരിച്ചു, മോദി അത് വലിച്ചെറിഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ കർഷകരുടെ 36,000 കോടിയിലധികം വായ്പകൾ തീര്‍പ്പാക്കി. കർഷകരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബി.ജെ.പിക്കും മോദിക്കും അല്ലാതെ ആർക്കാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുക? ഇത്തരമൊരു രാജാവാണ് ഞങ്ങൾക്ക് വേണ്ടത്" അമിത് ഷാ പറഞ്ഞു.

Tags:    
News Summary - UP Polls 2022: Amit Shah Exhorts Jats to Support BJP, Says Both Had Same Enemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.