ലഖ്നോ: അസമിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. നിയമനിർമാണത്തിന്‍റെ കരട് ബിൽ സർക്കാർ പുറത്തിറക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബിൽ.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക് ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ. മിത്തൽ ഇന്ത്യ ടുഡെേയാട് പറഞ്ഞു.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല.
സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.
എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക് മിതമായി പലിശയിൽ വീട് വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.
നാഷനൽ പെൻഷൻ സ്കീമിന് കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. കരട് ബില്ലിൽ ജൂലൈ 19 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.