ലഖ്നോ: മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്‍റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റിയെന്ന് മാതാവിന്‍റെ പരാതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മൂന്ന് പൊലീസുകാര്‍ വന്ന് തന്‍റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവാവിന്‍റെ മാതാവിന്‍റെ പരാതിയിൽ ഉള്ളത്. മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നു എന്നും പരാതിയിൽ പറയുന്നു.
ബറദാരിയിൽ ഈമാസം 24ന് രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റാണ് തന്‍റെ മകൻ ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ് വരുേമ്പാൾ പൊലീസുകാർ തടയുകയും മാസ്‌ക് ധരിക്കാത്തതിന് മർദിക്കുകയുമായിരുന്നു എന്ന് മാതാവ് പറയുന്നു. 'അവനെ വടി കൊണ്ട് തല്ലുകയും ൈകകാലുകളിൽ ആണി അടിച്ച് കയറ്റുകയും ചെയ്യും. ചെവിയിൽ നിന്ന് ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി' -മാതാവ് പറയുന്നു. ബുധനാഴ്ചയാണ് ഇവർ പൊലീസിന്‍റെ ക്രൂരതക്കെതിരെ പരാതി നൽകുന്നത്.
അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്ന് എസ്.എസ്.പി രോഹിത് സജ്വാൻ പറഞ്ഞു. യുവാവ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് യുവാവ് പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്' -എസ്.എസ്.പി പറഞ്ഞു.
എന്നാൽ, പൊലീസ് പറയുന്നത് കള്ളമാണെന്നും എട്ടോളം കള്ളക്കേസുകളിൽ തന്നെ കുടുക്കിയിരിക്കുകയാണെന്നും യുവാവ് പറയുന്നു. 'ഞാൻ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒരെണ്ണം പോക്കറ്റിൽ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്ത് തല്ലിയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. അപ്പോൾ ചീത്ത പറയുകയും മൂന്നുനാല് പേരെ കൂടി വിളിച്ചുവരുത്തിയ ശേഷം വീണ്ടും മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം എന്നെ കെട്ടിയിട്ട ശേഷം കൈയിലും കാലിലും ആണി അടിച്ചുകയറ്റി. മർദനത്തിൽ ഇടതുചെവിക്ക് പരിക്കേറ്റ് ചോര ഒഴുകി. ആ ചെവിക്ക് ഇപ്പോൾ കേൾവിക്കുറവും ഉണ്ട്. അതിലൊരു പൊലീസുകാരൻ എന്‍റെ പ്രദേശത്താണ് താമസിക്കുന്നത്. പക്ഷേ, പേരറിയില്ല. കണ്ടാൽ തിരിച്ചറിയാം. എട്ട് കള്ളക്കേസുകളിലാണ് എന്നെ കുടുക്കിയത്. ഞാനൊരു പാവം മനുഷ്യനാണ്. ആക്രിസാധനങ്ങൾ പെറുക്കി ദിവസം 150-200 രൂപ സമ്പാദിച്ചാണ് ജീവിക്കുന്നത്' -യുവാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.