മകളുടെ വിവാഹത്തിനായി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു. ഉത്തർപ്രദേശിലെ മൊറാദ്ബാദ് സ്വദേശിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഒന്നരവര്‍ഷമായി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച നോട്ടുകെട്ടിലാണ് ചിതലരിച്ചത്. പണത്തില്‍ പകുതിയും ചിതലരിച്ചുപോയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽക പഥക് എന്ന സ്ത്രീ 2022 ഒക്ടോബറിലാണ്, മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും സ്വർണ ആഭരണങ്ങളും ബാങ്ക് ലോക്കറിൽ പോയിവെച്ചത്. കെ.വൈ.സി വെരിഫിക്കേഷന് വേണ്ടി ബാങ്ക് അധികൃതര്‍ അല്‍കയെ വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്കര്‍ തുറന്നപ്പോഴാണ് നോട്ടുകെട്ടില്‍ ചിതലരിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഈ വിവരം ബാങ്കിന്റെ ബ്രാഞ്ച് മാനേജറെ അൽക അറിയിച്ചു
ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇതെന്ന് അൽക പറയുന്നു. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍വെച്ചത്. പണം ഈ രീതിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് അല്‍ക പറയുന്നു. ബ്രാഞ്ച് മാനേജർ സംഭവം ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്. അല്‍കയുടെ പരാതി പരിഗണിച്ച് എത്രത്തോളം പണമാണ് നഷ്ടമായതെന്ന അന്വേഷണം നടത്തുമെന്ന് മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.