ന്യൂഡൽഹി: കർഷക വിഷയത്തിൽ രാജ്യസഭയിൽ കൊമ്പുകോർത്ത് പ്രതിപക്ഷവും ഭരണപക്ഷവും. വെള്ളിയാഴ്ച ചോദ്യോത്തര വേളയിൽ കർഷക വിഷയത്തിൽ കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകുന്നതിനിടെ മിനിമം താങ്ങുവില ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് സമാജ്വാദി എം.പി രാംജി ലാൽ സുമൻ ഉപചോദ്യം ഉന്നയിച്ചു. ഇത് കോൺഗ്രസ് എം.പിമാർ ഏറ്റെടുത്തതോടെയാണ് ബഹളം ആരംഭിച്ചത്.
കർഷകർക്ക് മോദിസർക്കാർ നടപ്പാക്കിയ പദ്ധതികൾ മന്ത്രി വിശദീകരിച്ചെങ്കിലും മിനിമം താങ്ങുവില ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരുമോ എന്ന് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ ബഹളംവെച്ചു. ഇതോടെ ചർച്ച ഏറെനേരം തടസ്സപ്പെട്ടു.
സീറ്റിലിരിക്കാൻ രാജ്യസഭ ചെയർമാൻ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. തുടർന്ന് സഭയെ നിരന്തരം അവഹേളിക്കുകയാണെന്നും സഭ വിട്ടുപോകണമെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയോട് ചെയർമാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. കർഷകവിരുദ്ധ സർക്കാറാണെന്നും കർഷകർക്ക് നീതിവേണമെന്നും ആവശ്യപ്പെട്ട് ചോദ്യോത്തരവേള കഴിയുന്നതു വരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. തുടർന്ന് പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ശൂന്യവേളയിൽ കർണാടകയിലെ എസ്.സി, എസ്.ടി ഫണ്ട് വകമാറ്റൽ സംബന്ധിച്ച് ബി.ജെ.പി അംഗത്തിന് സംസാരിക്കാൻ ചെയർമാൻ അനുമതി നൽകിയതോടെ കോൺഗ്രസ് അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കി. പ്രതിപക്ഷം ചട്ടം 267 പ്രകാരം നൽകുന്ന നോട്ടീസുകൾ പരിഗണിക്കാത്ത ചെയർമാൻ അജണ്ടയിലില്ലാത്ത വിഷയത്തിൽ സംസാരിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ചായിരുന്നു ബഹളം. ചർച്ചക്ക് അനുമതി നൽകിയിട്ടില്ലെന്നും വിഷയം ഉന്നയിക്കാൻ ഒരാൾക്ക് മാത്രമാണ് അനുമതി നൽകിയതെന്നും ചെയർമാൻ വിശദീകരിച്ചെങ്കിലും കോൺഗ്രസ് ചെവിക്കൊണ്ടില്ല. വിഷയം കർണാടകയിൽനിന്നുള്ള എം.പി ഇരണ്ണ കടാടി ഉന്നയിച്ചതോടെ കോൺഗ്രസ് എം.പിമാർ പ്രസഗം തടസ്സപ്പെടുത്തി. ഇതിനിടെ, ബംഗാളിലെയും അസമിലെയും വെള്ളപ്പൊക്ക കെടുതി ഉന്നയിക്കാൻ നിരവധിതവണ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും ബി.ജെ.പി അംഗത്തിന് വീണ്ടും അവസരം നൽകുന്നുവെന്നും തൃണമൂൽ കോൺഗ്രസ് എം.പി സുഷ്മിത ദേവ് ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.