മണിപ്പൂർ ആശങ്കാജനകമെന്ന് അമേരിക്ക: ‘നഗ്നരാക്കി നടത്തിച്ചത് ക്രൂരം, ഭയാനകം’

ന്യൂയോർക്ക്: മണിപ്പൂരി​െല വം​ശഹത്യ ആശങ്കാജനകമാണെന്ന് അമേരിക്ക. കുക്കി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടം ബലാത്സംഗം ചെയ്ത സംഭവം ക്രൂരവും ഭയാനകവുമാണെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും എല്ലാ വിഭാഗങ്ങളുടെയും വീടുകൾക്കും ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും അധികൃതരോട് യു.എസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

മണിപ്പൂരിലെ വംശഹത്യക്കിടെ തോബാലിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

അതിനിടെ, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആദിവാസി സംഘടനകൾ ബസ്തർ മേഖലയിൽ ആഹ്വാനം ചെയ്ത ബന്ദ് പൂർണം. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങളൊന്നും റി​പ്പോർട്ട് ചെയ്തിട്ടില്ല. ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ സർവ ആദിവാസി സമാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

വംശീയ സംഘർഷത്തെ തുടർന്ന് ആളുകൾ ഉപേക്ഷിച്ചുപോയ പത്തോളം വീടുകൾക്കും ഒരു സ്കൂളിനും സ്ത്രീകളടങ്ങുന്ന സംഘം തീയിട്ടു. ചുരാചന്ദ്പുർ ജില്ലയിൽ ടോർബങ് ബസാറിലെ ചിൽഡ്രൻ ട്രഷർ ഹൈസ്കൂളാണ് ശനിയാഴ്ച തീവെച്ച് നശിപ്പിച്ചത്. വെടിയുതിർത്തും ബോംബെറിഞ്ഞും ആളുകളെ അകറ്റിയായിരുന്നു ആക്രമണം. ബി.എസ്.എഫ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ മുൻനിരയിൽ സ്ത്രീകളായിരുന്നതിനാൽ തിരികെ വെടിവെച്ചില്ല.

ബി.എസ്.എഫിന്റെ വാഹനം പിടിച്ചെടുക്കാൻ നോക്കിയപ്പോൾ വെടിയുതിർത്ത് ചെറുത്തു തോല്പിച്ചെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.

മണിപ്പൂരിൽ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകൾ പറഞ്ഞു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തൽ. എന്നാൽ, ഒരൊറ്റ ബലാത്സംഗം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്‍റ്റർ ചെയ്തിട്ടുള്ളതെന്നും അതിൽ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മേയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന് പിന്നാലെ മേയ് അഞ്ചിന് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്നാണ് ദൃക്സാക്ഷി മൊഴി. കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം ഇപ്പോഴും കുടുംബത്തിന് കൈമാറിയിട്ടില്ല. രണ്ട് മൃതദേഹവും ഇംഫാലിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും മകള്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തിയത് പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. 

Tags:    
News Summary - US condemns ‘brutal’ sexual assault video from India’s Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.