ന്യൂഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്കു ജാമ്യം നൽകിയ ഡൽഹി ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് ഇരയായ അമേരിക്കൻ യുവതി സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധ വിഡിയോ പിടിച്ചു.
2013ൽ ഡൽഹിയിൽ താമസിക്കുകയായിരുന്ന അമേരിക്കൻ യുവതിയെ ഡിജിറ്റൽ ബലാത്സംഗം (വിരലുകൾ ഉപയോഗിച്ച് പീഡിപ്പിക്കൽ) ചെയ്തുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന ഡൽഹി സ്വദേശി രാജീവ് പൻവാറിനാണ് കോടതി ജാമ്യം നൽകിയത്.
2013ൽ ദക്ഷിണ ഡൽഹിയിൽ പ്രതിയുടെ വീട്ടിൽ യുവതി ഭർത്താവിനൊപ്പം വാടകക്കു താമസിച്ചിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിചാരണ കോടതി രാജീവ് പൻവാറിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി, ഏഴുവർഷം തടവുശിക്ഷ നൽകി.
ഇതിനെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ, അഞ്ചുമാസത്തെ ശിക്ഷക്കുശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അപ്പീലിൽ വിധി വരാൻ കാലതാമസം ഉണ്ടാവുമെന്നതിനാൽ ജാമ്യം നൽകണമെന്ന പ്രതിയുെട അപേക്ഷ കോടതി അംഗീകരിച്ചു.
ഇതിൽ പ്രതിഷേധിച്ചാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽവെച്ച്, തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രഖ്യാപിച്ച് വിഡിയോ റെക്കോഡ് ചെയ്തത്. തനിക്കെതിരെ കുറ്റം ചെയ്തുവെന്ന് സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയ പ്രതിക്ക് ഇന്ത്യൻ കോടതി ജാമ്യം നൽകിയിരിക്കുകയാണെന്നും അവർ പ്രതിഷേധ വിഡിയോയിൽ ചൂണ്ടിക്കാട്ടി.
‘ഇന്ത്യയിലെ അഴിമതി’ക്കെതിരെയും ആക്രമണത്തിന് ഇരയായ സ്ത്രീകളെ പിന്തുണക്കാത്ത സംവിധാനത്തിനെതിരെയും അവർ വിമർശനമുന്നയിച്ചു.
ശിക്ഷ താൽകാലികമായി തടഞ്ഞുെകാണ്ടുള്ള വിധിന്യായത്തിൽ ഹൈകോടതി ജഡ്ജി ചന്ദർ ശേഖർ, പ്രതി അഞ്ചുമാസത്തെ തടവ് അനുഭവിച്ചുകഴിഞ്ഞതായി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.