യന്ത്രങ്ങൾ തൊഴിലാളിക്ക് പകരമാകില്ലെന്ന പാഠംകൂടി പകർന്നുതരുന്നുണ്ട് സിൽക്യാര രക്ഷാദൗത്യം. വൻ യന്ത്രങ്ങൾ വഴിമുടക്കുകയും വഴിമാറുകയും ചെയ്ത ഘട്ടത്തിൽ നിശ്ചയദാർഢ്യവും സഹജീവിസ്നേഹത്തിന്റെ കരുത്തുംകൊണ്ട് തുരങ്കത്തിനകത്തുനിന്ന് കൂട്ടുകാരെ പുറത്തെത്തിക്കാനായ നിർവൃതിയിലാണ് തുരങ്കമുഖത്തുള്ള തൊഴിലാളികൾ.
ഉത്തരാഖണ്ഡ് ഇന്നുവരെ കാണാത്ത കൂറ്റൻ യന്ത്രസന്നാഹങ്ങളാണ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ ഹിമാലയ നിരകൾ കയറിവന്നത്. ഡൽഹി, ജലന്ധർ, ഇന്ദോർ, ഹൈദരാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂറ്റൻ യന്ത്രങ്ങളും അവയുടെ അനുബന്ധ സാമഗ്രികളുമെത്തിച്ച നെടുനീളൻ ട്രെയിലറുകൾ ബ്രഹ്മഖാലിനും സിൽക്യാരക്കുമിടയിൽ നിരന്നുകിടക്കുകയാണ്. അതിലൊരു കൂറ്റൻ യന്ത്രം ചുരത്തിൽ വളയാതെ സിൽക്യാരയെത്തും മുമ്പേ ബ്രഹ്മഖാലിൽ നെടുനീളൻ ട്രെയിലറോടെ മറിഞ്ഞുവീണ് ഗതാഗതവും മുടക്കി.
ഇന്ദോറിൽനിന്ന് എത്തിച്ച അമേരിക്കൻ ഓഗർ മെഷീനിന്റെ ബ്ലേഡുകളിലുടക്കി വെള്ളിയാഴ്ച മുടങ്ങിപ്പോയ രക്ഷാദൗത്യം മൂന്നു ദിവസത്തിനുശേഷം പുനരാരംഭിച്ചത് തൊഴിലാളികളുടെ വിവേകവും കൈക്കരുത്തുംകൊണ്ട് മാത്രമാണ്. കുഴൽപാതക്ക് അവസാന ഇരുമ്പുകുഴൽകൂടി ഇടാൻ ബാക്കിനിൽക്കെ ഓഗർ മെഷീനിന്റെ പരസ്പരം യോജിപ്പിക്കുന്ന സ്പൈറൽ ബ്ലേഡുകൾ 32 മീറ്റർ നീളത്തിലാണ് കുടുങ്ങിയത്. കുടുങ്ങിയ യന്ത്രഭാഗം പുറത്തെടുക്കാൻ ഗ്യാസ് കട്ടറുമായി ഇരുമ്പുകുഴലിനകത്തേക്ക് തൊഴിലാളികൾ കയറേണ്ടിവന്നു. എളുപ്പത്തിൽ മുറിച്ചുമാറ്റാമെന്ന് കരുതിയാണ് ഹൈദരാബാദിൽനിന്ന് പ്ലാസ്മ കട്ടർ വരുത്തിയതെങ്കിലും കുഴൽപാതക്ക് അകത്തേക്കുപോലും അത് കയറ്റാനായില്ല.
വ്യോമമാർഗം എത്തിച്ച യന്ത്രങ്ങളുപേക്ഷിച്ച് തൊഴിലാളികളുടെ കരങ്ങളുപയോഗിച്ച് കുഴൽപാതക്കായി തുരന്നുതുടങ്ങിയതോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തിന് വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴൽപാതക്ക് അകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങൾ ഉപയോഗിച്ച് തുരപ്പിച്ച് ആ മണ്ണ് മറ്റു തൊഴിലാളികൾ കുഴൽപാതക്ക് അകത്തുകൂടി തന്നെ പുറത്തെത്തിക്കുകയാണ് ചെയ്തത്. അതിന്
ശേഷം തൊഴിലാളികൾ ഇറങ്ങി വന്ന് ഓഗർ മെഷീൻ ഉപയോഗിച്ച് ഇരുമ്പുകുഴൽ തള്ളിനീക്കുകയും ഇതേ പ്രവൃത്തി ആവർത്തിക്കുകയും ചെയ്തു.
ആദ്യ ദൗത്യം വിജയത്തിലെത്തുമ്പോഴും മലക്ക് മുകളിൽനിന്ന് താഴോട്ടു തുരന്നുള്ള രണ്ടാമത്തെ രക്ഷാ ദൗത്യം 50 മീറ്റർ പിന്നിട്ട് സമാന്തരമായി മുന്നോട്ടുപോകുകയായിരുന്നു. 17 നാളുകൾ പുറംലോകം കാണാതെ തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയ 41 തൊഴിലാളികളെ പുറത്തിറങ്ങുന്ന നിമിഷത്തിന് സാക്ഷിയാകാൻ ഉച്ചക്ക് 1.10 മുതൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും സ്ഥലത്തുണ്ടായിരുന്നു.
ഈ മാസം 12ന് ദീപാവലി ആഘോഷനാളിൽ പുലർച്ച അഞ്ചു മണിക്കാണ് കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയായ ഗംഗോത്രി-യമുനോത്രി-കാശീനാഥ്-ബദ്രീനാഥ് (ചാർ ധാം) ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സിൽക്യാര തുരങ്കം നിർമാണത്തിനിടെ ഇടിഞ്ഞുവീണത്. രണ്ടു വലിയ യന്ത്രങ്ങൾ ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെങ്കിലും തൊഴിലാളികളെല്ലാവരും ഓടിരക്ഷപ്പെട്ടു.
തുരങ്കത്തിന് പുറംഭാഗത്തേക്ക് ഓടിയവർ പുറത്താകുകയും അകത്തേക്ക് ഓടിയവർ ഉള്ളിലകപ്പെടുകയും ചെയ്തു. ആദ്യത്തെയാഴ്ച മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങിയ രക്ഷാപ്രവർത്തനത്തിന്റെ മേൽനോട്ടം പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസ് ഏറ്റെടുത്തെങ്കിലും പിന്നെയും 10 ദിവസം കഴിഞ്ഞാണ് തൊഴിലാളികൾ പുറത്തെത്തിയത്.
നവംബർ 12 -കേന്ദ്ര സർക്കാറിന്റെ ചാർ ധാം (ഗംഗോത്രി-യമുനോത്രി-കാശീനാഥ്-ബദ്രീനാഥ്) ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരകാശിയിലെ ബ്രഹ്മഖാൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലുള്ള സിൽക്യാര ബെൻഡ്-ബാർകോട്ട് തുരങ്കമിടിഞ്ഞുവീണ് 41 തൊഴിലാളികൾ അകത്ത് കുടുങ്ങി. വെള്ളത്തിനുപയോഗിച്ച പൈപ്പിലൂടെ തൊഴിലാളികൾ തമ്മിൽ ആദ്യ ആശയവിനിമയം. തൊഴിലാളികളുടെ രക്ഷാപ്രവർത്തനം. വെള്ളത്തിന്റെ പൈപ്പിലൂടെ അതിൽ കൊള്ളാവുന്ന ഭക്ഷണസാധനങ്ങളെത്തിച്ചു. ജില്ല ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി. പൊളിഞ്ഞുവീണ അവശിഷ്ടങ്ങൾ മാറ്റാൻ തൊഴിലാളികളുടെ ശ്രമം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് തുടങ്ങിയ ഏജൻസികൾ രക്ഷാദൗത്യത്തിനായി സംഭവ സ്ഥലത്തേക്ക്.
നവംബർ 13 -മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. തൊഴിലാളികൾ സുരക്ഷിതരാണെന്നും തുരങ്കനിർമാണത്തിന്റെ തുടക്കത്തിലുള്ള ഓക്സിജൻ നൽകാൻ സ്ഥാപിച്ച കുഴൽ പ്രവർത്തിക്കുന്നുവെന്നും ഉറപ്പിച്ചു. ഇടിഞ്ഞുവീണ മണ്ണും കല്ലും കോൺക്രീറ്റും അടങ്ങുന്ന അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിൽ പുരോഗതിയുണ്ടായില്ല. വീണ്ടും തുരങ്കമിടിഞ്ഞത് രക്ഷാപ്രവർത്തനം പ്രയാസകരമാക്കി. ഇതോടെ ഇടിഞ്ഞുവീണ ഭാഗത്തിന്റെ വ്യാപ്തി 30ൽനിന്ന് 60 മീറ്ററായി. അടർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് സ്പ്രേ ചെയ്ത് മണ്ണ് ബലപ്പെടുത്താൻ ശ്രമം.
നവംബർ 14 -ഭക്ഷണസാധനങ്ങൾ അയക്കാനായി മുകളിലൂടെ ആറിഞ്ച് പൈപ്പ് പുറത്തുനിന്ന് തൊഴിലാളികൾ നിൽക്കുന്നതുവരെയിട്ടു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചു. വലിയ വ്യാസമുള്ള ഇരുമ്പുകുഴൽ സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. 900 എം.എം വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ സ്ഥലത്തെത്തിച്ചു. എന്നാൽ, കൂടുതൽ മണ്ണിടിഞ്ഞതോടെ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടു.
നവംബർ-15-ആദ്യ ഡ്രില്ലിങ് മെഷീൻ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാൽ അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഡൽഹിയിൽനിന്ന് വ്യോമമാർഗം എത്തിച്ചു.
നവംബർ 16-പുതിയ ഡ്രില്ലിങ് യന്ത്രം കൂട്ടിയോജിപ്പിച്ച് അർധരാത്രിയോടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
നവംബർ 17-ഡ്രില്ലിങ് യന്ത്രം 24 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് ആറുമീറ്റർ നീളമുള്ള നാലു കുഴലുകൾ സ്ഥാപിച്ചു. എന്നാൽ, അഞ്ചാമത്തെ കുഴൽ സ്ഥാപിക്കുന്നതിന് തടസ്സം നേരിട്ടു. യന്ത്രത്തിന് തകരാറും സംഭവിച്ചു. അഞ്ചാമത്തെ കുഴൽ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വലിയൊരു ശബ്ദം കേട്ടതിനെത്തുടർന്ന് രക്ഷാദൗത്യം നിർത്തി. ഇന്ദോറിൽനിന്ന് അമേരിക്കൻ ഓഗർ യന്ത്രം എത്തിച്ചു.
നവംബർ 18 -ഓഗർ യന്ത്രം ഉപയോഗിച്ച് തുരക്കുമ്പോൾ കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചില്ല. മുകളിൽനിന്ന് താഴേക്ക് തുരങ്കമുണ്ടാക്കി തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതുൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കുന്നു.
നവംബർ 19 -രക്ഷാദൗത്യത്തിൽ സ്തംഭനാവസ്ഥ തുടരുന്നു.
നവംബർ 20 -അന്താരാഷ്ട്ര തുരങ്കനിർമാണ വിദഗ്ധൻ ആർനോൾഡ് ഡിക്സ് സ്ഥലത്തെത്തി. രക്ഷാദൗത്യത്തിൽ പുരോഗതിയില്ല.
നവംബർ 21 -അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ള കുഴലിലൂടെ കടത്തിയ എൻഡോസ്കോപ്പിക് കാമറ വഴി തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തി.
നവംബർ 22 -അമേരിക്കൻ ഓഗർ യന്ത്രത്തിന്റെ പ്രവർത്തനത്തിൽ വേഗത. 45 മീറ്റർ കുഴലുകളിട്ട് കുഴൽപാത മുന്നോട്ട്. എതിർവശത്ത് ബാർകോട്ട് ഭാഗത്തുനിന്ന് എട്ടു മീറ്റർ തുരന്നു.
നവംബർ 23 -ഓഗർ മെഷീൻ ഉറപ്പിച്ചുനിർത്തിയ അടിത്തറ ഇളകി കുഴൽപാത നിർമാണത്തിന് അന്ത്യഘട്ടത്തിൽ സ്തംഭനം.
നവംബർ 24-അവശിഷ്ടങ്ങൾക്കിടയിൽ തട്ടി കേടുവന്നതിനാൽ ഓഗർ മെഷീൻ ആദ്യം കയറ്റിയ ഇരുമ്പുകുഴൽ മുറിച്ചുമാറ്റി. അന്ത്യഘട്ടം ദുഷ്കരമാക്കി പുനരാരംഭിച്ച കുഴൽപാത നിർമാണം ലോഹത്തിലുടക്കി വീണ്ടും മുടങ്ങി.
നവംബർ 25 -കുഴൽപാത നിർമാണം തടസ്സപ്പെട്ട നിലയിൽതന്നെ. മല താഴോട്ട് തുരക്കാനായി റിഗ് യന്ത്രം മലമുകളിലേക്ക്.
നവംബർ 26 -കുഴൽപാത തടസ്സപ്പെട്ടതിനാൽ മല താഴേക്ക് തുരന്ന് സമാന്തര രക്ഷാദൗത്യം തുടങ്ങി. ആദ്യ ദിവസം 25 മീറ്റർ തുരന്നു.
നവംബർ 27 -കുഴൽപാതയിലെ തടസ്സം നീക്കി രക്ഷാദൗത്യത്തിൽ പുരോഗതി. മല താഴേക്ക് 36 മീറ്റർ തുരന്നു. രണ്ടു നീക്കങ്ങളും ഒരുമിച്ച് മുന്നോട്ട്.
നവംബർ 28 -ഉച്ചക്ക് 1.10ന് കുഴൽപാത ലക്ഷ്യത്തിലെത്തി. ദുരന്തനിവാരണ സേനാംഗങ്ങൾ തൊഴിലാളികൾക്കരികിലെത്തി. 7.45ന് തൊഴിലാളികളെ കുഴൽപാത വഴി പുറത്തെത്തിച്ചു തുടങ്ങി. ആദ്യമെത്തിയത് രണ്ടു പേർ. പൊലീസ് അകമ്പടിയിൽ തൊഴിലാളികളെയുംകൊണ്ട് ആംബുലൻസുകൾ ആശുപത്രിയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.