ഉത്തരാഖണ്ഡ്: സീറ്റ് വിഭജനം ബി.ജെ.പിക്ക് കീറാമുട്ടിയാകും

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് വിഭജനം കീറാമുട്ടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പിയിലത്തെിയ കോണ്‍ഗ്രസ് വിമതര്‍ക്കുകൂടി എങ്ങനെ സീറ്റ് നല്‍കുമെന്നാണ് നേതൃത്വം ആലോചിക്കുന്നത്.

അതത് മണ്ഡലങ്ങളില്‍ നല്ല ജനസ്വാധീനമുള്ളവരാണ് വിമതര്‍. ഇവരില്‍ പലര്‍ക്കും ഫെബ്രുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആ മണ്ഡലങ്ങളില്‍തന്നെ മത്സരിക്കാനുള്ള താല്‍പര്യവും പരസ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെ മാറ്റിനിര്‍ത്തി മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയാല്‍ തിരിച്ചടി നേരിടുമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. അതേസമയം, വിമത നേതാക്കള്‍ക്ക് അവരുടെ സീറ്റ് വിട്ടുനല്‍കിയാല്‍ പാര്‍ട്ടി അണികളില്‍ അതൃപ്തിക്ക് കാരണമാകുകയും ചെയ്യും. ഇതും വോട്ട് ചോര്‍ച്ചക്ക് കാരണമാകുമെന്ന് പാര്‍ട്ടി ഭയക്കുന്നു.

റൂര്‍ഖി എം.എല്‍.എയും കോണ്‍ഗ്രസ് വിമതനുമായ പ്രദീപ് ബാട്ര അതേ മണ്ഡലത്തില്‍തന്നെ മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പിയുടെ പ്രമുഖ നേതാവ് സുരേഷ് ചന്ദ് കേവലം 800 വോട്ടിനാണ് ബാട്രയോട് പരാജയപ്പെട്ടത്. നേരത്തെ, സുരേഷ് ചന്ദ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രചാരണം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സുരേഷ് ചന്ദിനെ പാര്‍ട്ടിക്ക് മാറ്റിനിര്‍ത്തേണ്ടിവരും. കേദാര്‍നാഥ്, ലാന്‍സ്ഡോണ്‍ തുടങ്ങിയ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സമാനമായ പ്രതിസന്ധിയാണുള്ളത്.

Tags:    
News Summary - uttarakhand assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.