ഉത്തരകാശി: ഉത്തരാഖണ്ഡിലെ തൃശൂൽ പർവതത്തിലുണ്ടായ ഹിമപാതത്തിൽ കാണാതായ നാവികസേനയിലെ നാലു പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൃശൂൽ പർവതത്തിന്‍റെ സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സേനയിലെ ഒരു പർവതാരോഹകനെയും ഒരു പോർട്ടറെയും കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ലഫ്റ്റന്‍റ് കമാൻഡർ രജനീകാന്ത് യാദവ്, ലഫ്റ്റന്‍റ് കമാൻഡർ യോഗേഷ് തിവാരി, ലഫ്റ്റന്‍റ് കമാൻഡർ ആനന്ദ് കുക്രേതി, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ എംസിപിഒ-2 ഹരി ഒാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ അഞ്ച് പർവതാരോഹകരും ഒരു പോർട്ടറും അടക്കം ആറു പേരെയാണ് ഹിമപാതത്തിൽ കാണാതായത്. പർവതാരോഹകരുടെ 20 അംഗ ടീം 15 ദിവസം മുൻപാണ് ദൗത്യം ആരംഭിച്ചത്. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ 7,100 മീറ്റർ ഉയരമുള്ള തൃശൂൽ പർവതത്തിന്‍റെ മുകളിൽ പർവതാരോഹകർ എത്താറായപ്പോഴാണ് ഹിമപാതമുണ്ടായത്.
അപകടത്തിന് പിന്നാലെ ഇന്ത്യൻ നാവികസേനയുടെ സാഹസിക വിഭാഗം പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടിനോട് സഹായം തേടി. ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് പ്രിൻസിപ്പൽ കേണൽ അമിത് ബിശന്തിന്‍റെ നേതൃത്വത്തിൽ രക്ഷാസംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മോശം കാലാവസ്ഥ കാരണം ജോഷിമഠിൽ വരെയാണ് സംഘത്തിന് തെരച്ചിൽ നടത്താൻ സാധിച്ചത്. കൂടാതെ, കരസേന, വ്യോമസേന, സംസ്ഥാന ദുരന്ത നിവാരണസേന എന്നിവ ഹെലികോപ്റ്ററിൽ സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.