ഡെറാഡൂൺ: ഔദ്യോഗിക വസതിയിലെ ആപ്പിൾ മരത്തെ കുരങ്ങൻമാരിൽ നിന്ന് സംരക്ഷിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന ഉത്തരാഖണ്ഡ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ സഹപ്രവർത്തകർക്കായി പുറപ്പെടുവിച്ച മെമ്മോ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവ്.
'ഡി.ഐ.ജിയുടെ ഔദ്യോഗിക വസതിയിൽ ഒരു ആപ്പിൾ മരം ഉണ്ട്. അതിനാൽ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ വൃക്ഷത്തെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കണം. അല്ലെങ്കിൽ, കാവൽക്കാർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും' -ഇതായിരുന്നു മെമ്മോയുടെ ഉള്ളടക്കം.
'അത്തരമൊരു മെമ്മോയെക്കുറിച്ച് ഡി.ഐ.ജിയുടെ ഓഫീസിന് അറിവില്ല. ആരാണ് മെമ്മോ നൽകിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക. വിഷയത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കുക' -ഗർവാൾ റേഞ്ച് ഡി.ഐ.ജിയും 2005 ബാച്ച് ഐ.പി.എസ് ഓഫീസറുമായ നീരു ഗാർഗ് ഉത്തരവിട്ടു. പൗരി ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും വിഷയത്തിൽ അന്വേഷണം നടത്തുക.
ഡി.ഐ.ജി ഓഫീസിന് വേണ്ടി പൗരിയിലെ സർക്കിൾ ഓഫീസറാണ് ജൂൺ 14ന് മെമ്മോ ഇറക്കിയത്. ഡി.ഐ.ജി ഗാർഗിന് പൗരിയിൽ ഓഫീസ് ഉണ്ടെങ്കിലും ഡെറാഡൂണിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് കാര്യങ്ങൾ നിയന്ത്രിക്കാറ്. മെമ്മോയിൽ പറയും പോലെ ഒരു മരവും സംരക്ഷിക്കാൻ താൻ മെമ്മോ നൽകിയിട്ടില്ലെന്ന് ഡി.ഐ.ജി പറഞ്ഞു.
മെമ്മോ ശനിയാഴ്ച വൈറലായതോടെയാണ് ഡി.ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടത്. 'പൗരിയിൽ കുരങ്ങൻമാരുടെ ഭീഷണിയുണ്ടായിരുന്നു. വസതിക്കടുത്ത് ഒരു ആപ്പിൾ മരം പൂവിടുന്നതിന് ചുറ്റും നിരവധി വാനരൻമാരെ ഞാൻ കണ്ടു. അതിനാൽ, ഒരു മെമ്മോ നൽകാൻ ഞാൻ ആലോചിച്ചു'-പൗരി സി.ഐയായ പ്രദീപ് ടാംത വിഷയത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.