മുന്ന ഖുറേഷി -സിൽക്യാര ദൗത്യത്തിലെ ഹീറോ; എലികളെ പോലെ തുരന്നിറങ്ങുന്ന റാറ്റ്-ഹോൾ മൈനേഴ്സ് ആരെന്നറിയാം...

പതിനേഴു ദിവസത്തിനുശേഷം മരണമുഖത്തുനിന്ന് 41 തൊഴിലാളികളെ പുതുജീവിതത്തിലേക്ക് എത്തിക്കാനായതിന്‍റെ ആശ്വാസത്തിലാണ് രാജ്യം. രക്ഷാദൗത്യങ്ങളുടെ ചരിത്രത്തിലെ അപൂർവങ്ങളിലൊന്ന്. അമേരിക്കന്‍ നിര്‍മിത ഓഗര്‍ യന്ത്രം പണിമുടക്കിയതോടെയാണ് രക്ഷകരുടെ വേഷത്തിൽ റാറ്റ്-ഹോൾ മൈനേഴ്സ് എത്തുന്നത്.

കുടുങ്ങി കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താനുള്ള തുരങ്കത്തിലെ അവസാന 15 മീറ്റര്‍ ദൂരം വെറും കൈയാല്‍, തങ്ങളുടെ തനത് ഉപകരണങ്ങള്‍ കൊണ്ട് തുരന്നത് റാറ്റ് മൈനേഴ്സാണ്. മൂന്ന് പേർ വീതമുള്ള രണ്ട് ടീമുകളായി ആറ് പേരും 24 മണിക്കൂര്‍ നേരം മാറി മാറിയാണ് തുരങ്കം നിര്‍മിച്ചത്. ഒരാൾ തുരക്കുമ്പോൾ രണ്ടാമത്തേയാള്‍ പാറക്കഷണങ്ങളും പൊടിയും പൈപ്പിലേക്ക് മാറ്റി. മൂന്നാമത്തെയാള്‍ അവ പുറത്തേക്ക് വലിച്ചിട്ടു. ഒടുവില്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷം തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ അടുത്തെത്തിയപ്പോൾ അവർ ഞങ്ങളെ വാരിപുണർന്നെന്ന് റാറ്റ് മൈനേഴ്സ് അംഗങ്ങൾ പറയുന്നു.

സംഘത്തിലെ 29കാരനായ മുന്ന ഖുറേഷിയാണ് ആദ്യം തൊഴിലാളികളുടെ അടുത്തെത്തുന്നത്. ഡൽഹി ആസ്ഥാനമായുള്ള എൻജിനീയറിങ് സർവീസ് കമ്പനിയിലെ റാറ്റ് -ഹോൾ മൈനിങ് തൊഴിലാളിയാണ് മുന്ന. ചൊവ്വാഴ്ച വൈകീട്ട് അവസാന പാറ കഷണവും നീക്കി 17 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്ന  തൊഴിലാളികളുടെ അടുത്തെത്തിയപ്പോൾ അവർ എന്നെ കുടുംബാംഗത്തെ പോലെ കെട്ടിപിടിച്ചതായി അദ്ദേഹം പറയുന്നു.

‘അവർ കരഘോഷം മുഴക്കി, ഒരുപാട് നന്ദി പറഞ്ഞു’ -ഖുറേഷി കൂട്ടിച്ചേർത്തു. മോനു കുമാർ, വഖീൽ ഖാൻ, ഫിറോസ്, പ്രസാദി ലോധി, വിപിൻ രാജ്പുത് എന്നിവരാണ് റാറ്റ് മൈനേഴ്സ് സംഘത്തിലെ മറ്റു തൊഴിലാളികൾ. ദുരന്തനിവാരണ സേനാംഗങ്ങൾ എത്തുന്നതുവരെ അരമണിക്കൂറോളം റാറ്റ് മൈനേഴ്സ് സംഘം തുരങ്കത്തിനുള്ളിൽ തന്നെ തുടർന്നു. പിന്നീടാണ് 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചത്.

രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റർവരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിർമിക്കുന്നവരാണ് റാറ്റ്‌ ഹോള്‍ മൈനേഴ്‌സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് ‘റാറ്റ്-ഹോൾ മൈനേഴ്സ്’ അഥവാ ‘എലിമട ഖനന തൊഴിലാളികൾ’ എന്ന് വിളിക്കപ്പെടുന്നത്. അത്യന്തം അപടകരമായ ഈ തുരക്കല്‍രീതി 2014ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചതാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും രക്ഷാപ്രവർത്തനത്തിനായി ഇവരുടെ സഹായം തേടാറുണ്ട്.

ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നൂണ്ട് കയറാന്‍ സാധിക്കുന്ന ചെറിയ തുരങ്കങ്ങള്‍ നിര്‍മിക്കുന്നതാണ് റാറ്റ് മൈനേഴ്സിന്റെ ജോലി. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ നിന്നാണ് റാറ്റ് മൈനിങ് സംഘം ഉത്തരകാശിയിലേക്ക് രക്ഷാദൗത്യത്തിനായി എത്തിയത്. ഇടുങ്ങിയതും ലംബവുമായ കുഴികളിലൂടെയും ദ്വാരങ്ങളിലൂടെയും സഞ്ചരിക്കാന്‍ റാറ്റ് മൈനിങ് തൊഴിലാളികള്‍ക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. സാങ്കേതിക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ 100 അടി താഴ്ച്ചയിലേക്ക് വരെ ഇറങ്ങാന്‍ സംഘത്തിലെ തൊഴിലാളികള്‍ക്ക് സാധിക്കും.

കല്‍ക്കരിക്ക് പ്രസിദ്ധമായ മേഘാലയയിലെ പര്‍വതനിരകളിലാണ് റാറ്റ് മൈനിങ് തൊഴിലാളികള്‍ എന്ന വിഭാഗം രൂപംകൊള്ളുന്നത്. അനധികൃത കല്‍ക്കരി ഖനികളിൽ ഇവർ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കയറും മുളങ്കമ്പുകളും ഉപയോഗിച്ചാണ് ഇവര്‍ തുരങ്കങ്ങൾ ഉണ്ടാക്കിയിരുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ യാതൊന്നും ഇല്ലാതെ, അശാസ്ത്രീയമായി നിര്‍മിച്ച ഇത്തരം തുരങ്കങ്ങള്‍ മരണക്കെണികളായതോടെയാണ് റാറ്റ് മൈനിങ് നിരോധിക്കുന്നത്.

Tags:    
News Summary - Uttarakhand tunnel rescue: Who is rat-hole miner Munna Qureshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.