ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി കസേരയിലേക്ക് പുതുമുഖത്തിന് നറുക്കുവീഴാൻ സാധ്യത. 70 സീറ്റുള്ള നിയമസഭയിൽ 56ഉം നേടി വൻ മുന്നേറ്റം കാഴ്ചവെച്ച പാർട്ടിയിൽ നാലു മുൻ മുഖ്യമന്ത്രിമാരും ജയിച്ചു കയറിയിട്ടുണ്ട്. ഇതിന് പുറമെ യുവ നിരയിലും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവരുണ്ട്. ഇക്കാരണത്താൽ ആരാവും സർക്കാറിനെ നയിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പാർട്ടി എം.എൽ.എമാരെ നയിക്കാൻ കെൽപുള്ളയാളായിരിക്കും തെരഞ്ഞെടുക്കപ്പെടുകയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
പുതുമുഖമായാലും അനുഭവ പരിചയമുള്ളവരായാലും സർക്കാറിനെ മികച്ച രീതിയിൽ നയിക്കാൻ കഴിയുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിലെ മിന്നും ജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയ നേരന്ദ്ര മോദി പുതുമുഖമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്ന സൂചന വീണ്ടും നൽകി. ഇതുവരെ മുഖ്യധാരയിലില്ലാത്തയാൾക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
മുൻമുഖ്യമന്ത്രിമാരായ ഭുവൻ ചന്ദ്ര ഖണ്ഡൂരി, ഭഗത് സിങ് ഖൊഷിയാരി, രമേശ് പൊക്രിയാർ, വിജയ് ബഹുഗുണ എന്നിവരുടെയും എം.എൽ.എമാരായ സത്പാൽ മഹാരാജ്, ത്രിവേന്ദ്ര സിങ് റാവത്, പ്രകാശ് പന്ത് എന്നിവരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.