ചാർധാം പാതയിലെ നിർമാണത്തിനിടെ തുരങ്കം ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം

ഉത്തരകാശി തുരങ്കം അപകടം: എല്ലാവരും സുരക്ഷിതർ; തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇരുമ്പ് പൈപ്പുകൾ ഇട്ടുതുടങ്ങി

ഉത്തരകാശി (ഉത്തരാഖണ്ഡ്): ചാർധാം പാതയിലെ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനായി തുരങ്കത്തിൽ അടിഞ്ഞുകൂടിയ മണ്ണിനുള്ളിലൂടെ വലിയ വ്യാസമുള്ള ഇരുമ്പു പൈപ്പുകൾ കടത്തിവിടുന്ന ജോലികൾ തുടങ്ങി. 900 എം.എം ആണ് ഈ പൈപ്പുകളുടെ വ്യാസം. ഇത് ഡ്രില്ലിങ് ഉപകരണം വെച്ച് ഒന്നിനുപിറകെ ഒന്നായി ബന്ധിപ്പിച്ച് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഇടംവരെ എത്തിക്കാനാണ് പദ്ധതി. ശേഷം ഈ പൈപ്പുവഴി തൊഴിലാളികൾക്ക് പുറത്തുകടക്കാനാകും.

പ്രത്യേക ട്യൂബ് വഴി ഓക്സിജനും വെള്ളവും ഭക്ഷണവും മരുന്നുമെല്ലാം എത്തിച്ചതിനാൽ എല്ലാവരും സുരക്ഷിതരാണ്. ഉള്ളിൽ കുടുങ്ങിയ ഗബ്ബാർ സിങ് നേഗി എന്നയാളുടെ മകനെ പിതാവുമായി ഏതാനും സെക്കൻഡുകൾ സംസാരിക്കാൻ കഴിഞ്ഞദിവസം അനുവദിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പിതാവ് പറഞ്ഞതായി ആകാശ് സിങ് നേഗി വാർത്താ ഏജൻസിയോട് പറഞ്ഞു.

ബ്രഹ്മകാൽ-യമുനോത്രി ദേശീയപാതയിൽ സിൽകയാരക്കും ദണ്ഡൽഗാവിനും ഇടയിൽ ഞായറാഴ്ച രാവിലെയാണ് തുരങ്കകവാടം ഇടിഞ്ഞ് തൊഴിലാളികൾ അകപ്പെട്ടത്. സിൽകയാര ഭാഗത്തുനിന്ന് തുടങ്ങുന്ന ടണലിൽനിന്ന് 270 മീറ്റർ ഉള്ളിൽ 30 മീറ്ററാണ് ഇടിഞ്ഞത്. ബുധനാഴ്ച രാത്രിയോടെ തൊഴിലാളികളെ രക്ഷിക്കാമെന്ന നിഗമനത്തിലാണ് അധികൃതരെന്ന് ദുരന്തനിവാരണ വിഭാഗം സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ പറഞ്ഞു.

എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.എഫ്, ബി.ആർ.ഒ, ആർ.എ.എഫ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള 160 അംഗ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സജീവമാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികൾക്ക് അടിയന്തരചികിത്സ നൽകാൻ താൽക്കാലിക ആശുപത്രി ടണലിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഝാർഖണ്ഡിൽനിന്നുള്ള 15 പേരും ഉത്തർപ്രദേശുകാരായ എട്ടും ഒഡിഷക്കാരായ അഞ്ചും ബിഹാറിൽനിന്നുള്ള നാലും പശ്ചിമബംഗാളിൽനിന്നുള്ള മൂന്നും ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരും ഹിമാചലിൽനിന്നുള്ള ഒരാളുമാണ് ഉള്ളിലുള്ളത്.

അതിനിടെ, പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വികസന പദ്ധതികളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് പരിസ്ഥിതിപ്രവർത്തകർ ആരോപിച്ചു.

Tags:    
News Summary - Uttarkashi tunnel accident: All safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.