ഡെറാഡൂൺ: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. മുഴുവൻ തൊഴിലാളികളെയും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രത്യേക യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ബി.ആർ.ഒ (ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍) വഴി റോഡുകള്‍ നിർമിക്കുന്നുണ്ടെന്നും അതിനായി നിരവധി യന്ത്രങ്ങള്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ രണ്ട് ആഗര്‍ മെഷീനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉത്തരാഖണ്ഡിലെത്തിയ ഗഡ്കരി വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പാതയുടെ നിർമാണം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാലോ അഞ്ചോ ദിവസം കൂടി വേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ നേരത്തെ പറഞ്ഞിരുന്നു.
രക്ഷാപ്രവർത്തനം ഒമ്പതാം ദിവസത്തിലേക്ക് കടന്ന ഇന്ന് തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മാണം ബി.ആര്‍.ഒ വൈകാതെ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍.
ഡ്രില്ലിംഗ് ജോലികള്‍ ശനിയാഴ്ച പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഒരു പ്ലാനില്‍ മാത്രം പ്രവര്‍ത്തിക്കാതെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്രയും വേഗം എത്താന്‍ അഞ്ച് പ്ലാനുകളില്‍ ഒരേ സമയം പ്രവര്‍ത്തിക്കണമെന്ന അഭിപ്രായം ഉദ്യോഗസ്ഥരില്‍ നിന്ന് ഉയരുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെ വിദഗ്ധരും തൊഴിലാളികളെ രക്ഷിക്കാന്‍ ഒരേസമയം പ്രവര്‍ത്തിക്കുകയാണ്.
അതേസമയം, തുരങ്കം തകര്‍ന്നതിന് നിര്‍മാണ കമ്പനിയെ കുറ്റപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെയും തൊഴിലാളികളുടെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളുമുണ്ടെന്നും വിദേശ കണ്‍സള്‍ട്ടന്റുകളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
നവംബര്‍ 12ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സില്‍ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമുണ്ടാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പുകള്‍ വെക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന യു.എസ് നിര്‍മ്മിത ഓഗര്‍ മെഷീന്‍ തകരാറിലായതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
തൊഴിലാളികളുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്സിജനും നൽകുന്നു. വോക്കി-ടോക്കികൾ വഴി രക്ഷാപ്രവർത്തകരുമായി അവർ ബന്ധപ്പെടുന്നുണ്ട്. കൂടാതെ തുരങ്കത്തിന് സമീപം അടിസ്ഥാന മെഡിക്കൽ സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികളും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.