ന്യൂഡൽഹി: ഗുജറാത്തിൽ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ആം ആദ്മി പാർട്ടിക്കൊപ്പം കോൺഗ്രസിന്റെ തകർച്ച ദയനീയമാക്കാൻ അസദുദ്ദീൻ ഉവൈസിയുടെ കൈത്താങ്ങും. ഒരു മുസ്ലിം സ്ഥാനാർഥിയെപ്പോലും നിർത്താതെ ഗുജറാത്തിലെ മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഭൂരിഭാഗവും പിടിക്കാൻ ഇരു പാർട്ടികളും ചോർത്തിയ വോട്ടുകൾ ബി.ജെ.പിക്ക് സഹായകമാകുകയും ചെയ്തു.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാർഥികൾ പിന്മാറിയ രണ്ടു സീറ്റുകളും ബി.ജെ.പി നേടി. മുൻ കോൺഗ്രസ് എം.എൽ.എ കൂടിയായ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ സംസ്ഥാന പ്രസിഡന്റ് സാബിർ ഖാബിരിവാല മത്സരിച്ച ജമാൽപൂരിലും മറ്റൊരു പ്രമുഖ നേതാവ് ഹസൻ ഖാൻ പഠാൻ മത്സരിച്ച കോൺഗ്രസിന്റെ തട്ടകമായ ദരിയാപൂരിലും ജയിക്കുമെന്ന് അവകാശപ്പെട്ട് അസദുദ്ദീൻ ഉവൈസി ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ പ്രചാരണത്തിനൊടുവിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. ജമാൽപൂരിൽ കോൺഗ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ ദരിയാപൂർ ബി.ജെ.പി പിടിച്ചു.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ദരിയാപൂരിൽ ആപ്പിന്റെ താജ് മുഹമ്മദ് 4164ഉം മജ്ലിസിന്റെ ഹസൻ ഖാൻ പഠാൻ 1771 വോട്ടും പിടിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഗിയാസുദ്ദീൻ ശൈഖ് 5243 വോട്ടിന് ബി.ജെ.പിയിലെ കൗഷിക് ജെയിനിനോട് തോറ്റു. അതേസമയം, മജ്ലിസ് സ്ഥാനാർഥി സാബിർ ഖാബിരിവാല 15,655 വോട്ടും ആപ്പിന്റെ ഹാറൂൺ ഭായ് നാഗോരി 5887 വോട്ടും പിടിച്ച ജമാൽപൂർ ഗഡിയയിൽ കോൺഗ്രസ് സിറ്റിങ് എം.എൽ.എ ഇംറാൻ ഖേഡാവാല 13,658 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥിയെ തോൽപിച്ചു.
സൂറത്ത് ഈസ്റ്റിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥിക്ക് 1671 വോട്ടാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പിയുടെ അരവിന്ദ് റാണ കോൺഗ്രസിന്റെ അസ്ലം സൈക്കിൾവാലയെ പരാജയപ്പെടുത്തി. ഗോധ്രയിലും ബി.ജെ.പിക്കാണ് വിജയം. അതേസമയം, പെന്തക്കോസ്ത് സ്വാധീന മേഖലയായ വ്യാരയിൽ ആദ്യമായി ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തി ബി.ജെ.പി അത് കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.